Actor Yash : അന്ന് പ്രമോഷന് വേണ്ടി ഓട്ടോയിൽ, ഇന്ന് പ്രൈവറ്റ് ജെറ്റിൽ; ഇത് യാഷിന്റെ ജീവിതം !
അന്ന് ഓട്ടോയിൽ പ്രമോഷൻ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റിലെത്തിയാണ് സിനിമ പ്രമോട്ട് ചെയ്യുന്നതെന്ന് വീഡിയോ കാണിക്കുന്നു.
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്(Yash). കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ചിത്രത്തിലൂടെ യാഷിന് സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ആയതിന് പിന്നാലെ താരത്തിന്റേതായി വീഡിയോകളും കഥകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തന്റെ സിനിമ പ്രമോട്ട് ചെയ്യുന്നതനായി ഓട്ടോ ഡ്രെവറായി എത്തിയ യാഷിനെ വീഡിയോയിൽ കാണാം. 2009ലാണ് ഈ സംഭവം. ‘കല്ലാറ സന്തെ’ എന്ന ചിത്രത്തിൽ ഓട്ടോ ഡ്രൈവറായ സോമു ആയിട്ടായിരുന്നു യഷ് അഭിനയിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട മത്സരത്തിലെ വിജയികളായിരുന്നു യാത്രക്കാർ. അന്ന് ഓട്ടോയിൽ പ്രമോഷൻ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റിലെത്തിയാണ് സിനിമ പ്രമോട്ട് ചെയ്യുന്നതെന്ന് വീഡിയോ കാണിക്കുന്നു. വീഡിയോ നിരവധി പേരാണ് കണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.
'500 രൂപ പ്രതിഫലത്തിൽ തുടങ്ങിയ അഭിനയം, ഒറ്റപ്പെടുത്തിയ ബന്ധുക്കൾ'; യഷ് പറയുന്നു
ചെറിയൊരു നഗരത്തിൽ നിന്നുള്ളവരാണ് എന്റെ അച്ഛനും അമ്മയും. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ അച്ഛനും അമ്മയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിനിമാ മേഖല ശാശ്വതമായൊരു വരുമാനം നൽകുമെന്ന് അവർ വിശ്വസിക്കാത്തതായിരുന്നു കാരണം. ഞാനുമായി അടുത്ത് നിന്നവർ ആ സമയങ്ങളിൽ അകന്ന് പോയിട്ടുണ്ട്. കുട്ടിക്കാലത്തും അങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ആരും കാണില്ല. ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നവരെ ഇന്നും ഞാൻ ബഹുമാനിക്കുക ആണ്. ഇന്ന് പ്രേക്ഷകർ മാത്രമാണ് എന്റെ ബന്ധുക്കൾ. അവർ ഒരിക്കലും ആരുടെയും പക്ഷം ചേർന്ന് സംസാരിക്കാറില്ല. പ്രേക്ഷകർ അല്ലാത്തവർ നമ്മുടെ ജീവിതത്തിൽ ആവശ്യങ്ങൾക്ക് വേണ്ടി വന്ന് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ്. എപ്പോഴും എനിക്കൊപ്പം നിന്ന സുഹൃത്തുക്കൾ ഉണ്ട്. അതിൽ ഞാൻ സന്തോഷവാനാണ്. വളരെ പ്രാക്ടിക്കൽ ആയി സംസാരിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇന്നെന്റെ ബന്ധുക്കളെ ഞാൻ സ്വീകരിക്കാറുണ്ട്.
ടിവി സീരിയലുകളിലൂടെയാണ് ഞാൻ ആദ്യമായി പ്രതിഫലം വാങ്ങുന്നത്. ദിവസവും 500 രൂപയായിരുന്നു അന്നെന്റെ ശമ്പളം. പിന്നെയും സീരിയലിലേക്ക് അവസരം വന്നു. എന്നാൽ അതൊക്കെ നിരസിച്ചു. 1500 രൂപ ദിവസവും തരാമെന്ന് പറഞ്ഞു. ആ സമയത്ത് അത്രയും കാശ് ആർക്കും കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. കിട്ടിയ പൈസയൊക്കെ തുണികൾ വാങ്ങാനാണ് ഞാൻ ഉപയോഗിച്ചത്. സീരിയലിൽ അഭിനയിക്കുമ്പോൾ വസ്ത്രങ്ങളൊക്കെ നമ്മൾ തന്നെ വാങ്ങണമായിരുന്നു. എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. എന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത്. പൈസ കൂട്ടിവെച്ച് കാർ വാങ്ങുവാൻ പലരും എന്നോട് പറഞ്ഞു. അപ്പോഴും ബൈക്കിലായിരുന്നു സഞ്ചാരിച്ചിരുന്നത്. എന്റെ ലക്ഷ്യം സിനിമയിലെത്തുക എന്നതായിരുന്നു. ഞാൻ പിന്നീട് വലിയൊരു കാർ വാങ്ങിയക്കൊള്ളാം, ഇപ്പോൾ കുറച്ച് നല്ല തുണികൾ ഇട്ടോട്ടെയെന്ന് അവർക്ക് മറുപടിയും നൽകിയിരുന്നു.