ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗത്തും ജലം; നിര്‍ണായക കണ്ടെത്തലുമായി നാസ
നേരത്തെ ചന്ദ്രനിൽ ജലാംശം കണ്ടെത്തിയിരുന്നെങ്കിലും അത് സൂര്യപ്രകാശമേൽക്കാത്ത ഇരുണ്ട ഭാഗങ്ങളിൽ ആയിരുന്നു. ഇതോടെ ചന്ദ്രോപരിതലത്തിൽ ഒട്ടുമിക്കയിടത്തും ജലം ഉണ്ടാകാൻ സാധ്യതയെന്ന് നാസയുടെ നിരീക്ഷണം.
ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്ത് വെള്ളം കണ്ടെത്തി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ് നിർണായക കണ്ടെത്തൽ നടത്തിയത്. ഇതാദ്യമായാണ് ചന്ദ്രൻറെ ഈ ഭാഗത്ത് ജലതന്മാത്രകൾ ഉണ്ടെന്ന് തെളിയുന്നത്.
നേരത്തെ ചന്ദ്രനിൽ ജലാംശം കണ്ടെത്തിയിരുന്നെങ്കിലും അത് സൂര്യപ്രകാശമേൽക്കാത്ത ഇരുണ്ട ഭാഗങ്ങളിൽ ആയിരുന്നു. ഇതോടെ ചന്ദ്രോപരിതലത്തിൽ ഒട്ടുമിക്കയിടത്തും ജലം ഉണ്ടാകാൻ സാധ്യതയെന്ന് നാസയുടെ നിരീക്ഷണം. ഭാവിയിലെ ചന്ദ്ര പര്യവേക്ഷണങ്ങളിൽ നിർണായകമാകുന്ന കണ്ടെത്തലാണ് ഇതെന്നും നാസ വ്യക്തമാക്കി.
നേച്ചര് ആസ്ട്രോണമി ജോര്‍ണലിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചന്ദ്രനിലെ ജലാംശം കണ്ടെത്താനായി 2019ല്‍ നാസ ആര്‍ടെമിസ് എന്ന ചാന്ദ്ര പദ്ധതി തയ്യാറാക്കിയിരുന്നു. ഭാവിയില്‍ ബഹിരാകാശ ഗവേഷകര്‍ക്ക് ദാഹം മാറ്റാന്‍ മാത്രമല്ല ഈ ജലം ഉപയോഗിക്കാവുന്നതെന്നാണ് നാസയുടെ നിരീക്ഷണം. 1800കളില്‍ ചന്ദ്രനില്‍ ജലാംശം ഉണ്ടാവില്ലെന്ന ധാരണയിലായിരുന്നു പര്യവേഷകരുണ്ടായിരുന്നത്.
മേഘങ്ങള്‍ കാണാത്തതായിരുന്നു ഈ നിരീക്ഷണത്തിന് കാരണം. എന്നാല്‍ 1978ല്‍ റഷ്യ ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ഈ നിരീക്ഷണം വ്യാപകമായി അവഗണിക്കപ്പെടുകയായിരുന്നുവെന്നാണ് ദി വാഷിംഗ്ടണ്‍ പോസ്റ്റ് അവകാശപ്പെടുന്നത്.