ചരിത്രം കുറിച്ച് 'നാല് സാധാരണക്കാര്‍ ബഹിരാകാശത്ത്'; സ്പേസ് എക്സിന്‍റെ 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം

വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് ഒരു 'മാസ്' എന്‍ട്രിയാണ് പുതിയ വിക്ഷേപണത്തിലൂടെ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് നടത്തുന്നത്.

SpaceXs Inspiration4 private all civilian orbital mission

ഫ്ലോറിഡ: സ്പേസ് എക്സിന്‍റെ ബഹിരാകാശ ടൂറിസം പദ്ധതി 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം. ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത നാലുപേരെയും ബഹിച്ച് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നും സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ബഹിരാകാശത്തേക്ക് കുതിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 ഓടെയായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ കാപ്സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്. 

വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് ഒരു 'മാസ്' എന്‍ട്രിയാണ് പുതിയ വിക്ഷേപണത്തിലൂടെ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് നടത്തുന്നത്. വെറുതെ മിനുട്ടുകള്‍ എടുത്ത് ബഹിരാകാശം തൊട്ട് വരുക എന്നതല്ല 'ഇന്‍സ്പിരേഷന്‍ 4' സംഘത്തിന്‍റെ ലക്ഷ്യം മൂന്ന് ദിവസം ഇവര്‍ ഭൂമിയെ വലം വയ്ക്കും. മൂന്ന് ദിവസത്തിന് ശേഷം യാത്രികര്‍ സഞ്ചരിച്ച ഡ്രാഗണ്‍ ഫ്ലോറിഡ തീരത്തിനടുത്ത് അത്ലാറ്റിക്ക് സമുദ്രത്തില്‍ പതിക്കുമെന്നാണ് കരുതുന്നത്.

ഹോളിവുഡിലെ സൂപ്പര്‍ഹീറോ ചിത്രം 'ഫെന്‍റാസ്റ്റിക്ക് 4നെ' അനുസ്മരിപ്പിക്കും പോലെയാണ് ഈ ദൗത്യത്തിന് 'ഇന്‍സ്പിരേഷന്‍ 4' എന്ന പേര് സ്പേസ് എക്സ് നല്‍കിയത്. അതേ സമയം അതീവ ബഹിരാകാശ പരിശീലനമൊന്നും ലഭിക്കാത്തെ ആറുമാസം മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇപ്പോള്‍ ബഹിരാകാശത്തേക്ക് കുതിച്ച നാലുപേര്‍ എന്നതാണ് ഈ ദൗത്യത്തിന്‍റെ പ്രത്യേകത.

നേരത്തെ ബെസോസും, റിച്ചാര്‍ഡും തങ്ങളുടെ 'ബഹിരാകാശ ടൂറിസം' പദ്ധതിയില്‍ ആദ്യ യാത്രക്കാര്‍ ആയപ്പോള്‍. അതിന് മസ്ക് തയ്യാറായില്ല. പദ്ധതിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക മാത്രമാണ് സ്പേസ് എക്സ് ചെയ്യുന്നത്. 'ഇന്‍സ്പിരേഷന്‍ 4'ന് പണം മുടക്കി അതിലെ പ്രധാന യാത്രക്കാരന്‍ ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്. ഇദ്ദേഹം തന്നെയാണ് ഒപ്പം സഹയാത്രികരായ മൂന്നുപേരുടെയും ചിലവ് വഹിക്കുന്നത്.

മുപ്പത്തെട്ടുകാരനായ ജാറെദ് അടക്കം രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്. ക്യാന്‍സറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്ലി എന്ന 29 കാരിയാണ് ഇതിലെ ശ്രദ്ധേയ അംഗം. ഇവരുടെ കാലിലെ ഒരു എല്ല് ക്യാന്‍സര്‍ ബാധിച്ച് നീക്കം ചെയ്തിട്ടുണ്ട്. അവിടെ കൃത്രിമ എല്ല് ഘടിപ്പിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ ആളാണ് ഹെയ്ലി. 

അമ്പത്തിയൊന്നുകാരിയായ സിയാന്‍ പ്രൊക്റ്റര്‍, യുഎസ് വ്യോമസേന മുന്‍ പൈലറ്റും 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്കി എന്നിവരാണ് ഈ സംഘത്തിലെ മറ്റുള്ളവര്‍. ദൗത്യസംഘത്തിലെ ഹെയ്ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി അമേരിക്കന്‍ ഡോളര്‍ സമാഹരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഇവര്‍ തിരിച്ചുവന്ന് ഇവര്‍ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കള്‍ ലേലം ചെയ്താണ് ഈ തുക കണ്ടെത്തുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios