കുമ്പളങ്ങിയിലേത് പൊലെ 'കവരടിച്ച്' ചെന്നൈയിലെ ബീച്ചുകള്‍; കൗതുകമായി ചിത്രങ്ങള്‍
ഇന്നലെ രാത്രിയിലാണ് സംഭവം. ബയോലൂമിനസെന്‍സ് പ്രതിഭാസമാണ് ചെന്നൈയിലെ ബീച്ചുകളിലെത്തിയവര്‍ക്ക് കൗതുകമായത്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം മലയാളികള്‍ക്ക് സുപരിചിതമാണ് കവരടിക്കുന്ന പ്രതിഭാസം
ചെന്നൈ: ആളുകള്‍ക്ക് കൗതുക കാഴ്ചയായി ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ബീച്ചുകള്‍ കവരടിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. ബയോലൂമിനസെന്‍സ് പ്രതിഭാസമാണ് ചെന്നൈയിലെ ബീച്ചുകളിലെത്തിയവര്‍ക്ക് കൗതുകമായത്.
തിളങ്ങുന്ന കടലെന്ന കുറിപ്പോടെ വളരെപ്പെട്ടന്ന് സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതോടെ നിരവധിയാളുകളാണ് ബീച്ചുകളിലേക്ക് എത്തിയത്. ശ്യാം പുഷ്കരന്‍റെ കുമ്പളങ്ങി നൈറ്റ്സിന് ശേഷമാണ് ഈ പ്രതിഭാസം ഏറെ ശ്രദ്ധ നേടുന്നത്. കായലില്‍ 'കവര് പൂത്തുകിടക്കുന്നത്' കാണാന്‍ ഒരു രാത്രി ബോണി (ശ്രീനാഥ് ഭാസി) കൂട്ടുകാരിയെയും കൂട്ടി വള്ളത്തില്‍ പോകുന്ന രംഗം ഏറെ ചര്‍ച്ചയായതാണ്.
ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്.
കടലും കായലും കൂടിച്ചേരുന്ന മേഖലകളിലാണ് സാധാരണയായി ഈ പ്രതിഭാസം കാണാറുളളത്. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങള്‍ എന്നിവക്കും ഈ കഴിവുണ്ട്. ഇണയേയും ഇരയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുമൊക്കെ സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
ജപ്പാന്‍, കാലിഫോര്‍ണിയ, അമേരിക്കന്‍ തീരങ്ങളില്‍ സാധാരണയായി ഈ പ്രതിഭാസം കാണാറുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ തീരങ്ങളില്‍ ഈ പ്രതിഭാസം അത്ര സാധാരണമല്ല. ഒഴുക്ക് കുറവുള്ള ജലത്തിലാണ് ബയോലൂമിനസെന്‍സ് കൂടുതല്‍ വ്യക്തമാവുക.
എന്നാല്‍ കാഴ്ച മനോഹരമാണെങ്കിലും ആഘോഷിക്കാനുള്ള കാരണമല്ല ഇതെന്ന് കോസ്റ്റര്‍ റിസോഴ്സ് സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന പൂജ കുമാര്‍ പറയുന്നു. സമുദ്രത്തിലെ ഓക്സിജന്‍ കുറയുന്നതിന്‍റെ സൂചനയാണ് കൂടിയാണ് ഈ പ്രതിഭാസം നല്‍കുന്നത്. ഈ പ്രതിഭാസം കാണപ്പെടുന്ന മേഖലകളില്‍ മത്സ്യ ലഭ്യത കുറയുമെന്നും പൂജ കുമാര്‍ പറയുന്നു.