ജൂണ്‍ അവസാനിക്കുമ്പോള്‍ കേരളത്തില്‍ മഴയുടെ കുറവ് 36 ശതമാനം
ഇതിനു മുൻപ് 1983 (322. 8 മില്ലിമീറ്റർ ) 2019 ( 358.5 മില്ലിമീറ്റര്‍) എന്നീ വർഷങ്ങളിലാണ് ഏറ്റവും കുറവ് മഴ ജൂൺ മാസത്തിൽ ലഭിച്ചത് എന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നത്.
തിരുവനന്തപുരം: ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയില്‍ വന്‍ കുറവെന്ന് കണക്കുകള്‍. 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണ് 2021ലേത് എന്നാണ് ഐഎംഡിയുടെ കണക്കുകള്‍ പറയുന്നത്. പ്രവചിച്ച മഴയില്‍ നിന്ന് 36% കുറവാണ് ജൂണ്‍മാസത്തില്‍ ലഭിച്ച മഴ. ജൂണ്‍ ഒന്നുമുതല്‍ 30വരെ പെയ്തത് ശരാശരി 408.4 മില്ലിമീറ്റർ മഴയാണ് കേരളത്തില്‍ ജൂണില്‍ പ്രതീക്ഷിച്ച ശരാശരി മഴ 643 മില്ലിമീറ്റർ ആണ്.
ഇതിനു മുൻപ് 1983 (322. 8 മില്ലിമീറ്റർ ) 2019 ( 358.5 മില്ലിമീറ്റര്‍) എന്നീ വർഷങ്ങളിലാണ് ഏറ്റവും കുറവ് മഴ ജൂൺ മാസത്തിൽ ലഭിച്ചത് എന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. 2013 ൽ ആയിരുന്നു ജൂണിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത് അന്ന് 1042. 7 മില്ലിമീറ്റർ മഴ ആണ് ജൂൺ മാസത്തിൽ മാത്രം പെയ്തത്.
എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം ( 55% കുറവ് ) പാലക്കാട്,( 50% കുറവ് ) ജില്ലകളിൽ ആണ് ഏറ്റവും കുറവ്. ഇന്ത്യയിൽ ഇതുവരെ 182.9 മില്ലി മീറ്റര്‍ മഴ കിട്ടി 10% അധികമാണ് ഇത്. കിട്ടേണ്ടത് 166.9 mm. കേന്ദ്ര ഭരണ പ്രദേശം ഉൾപ്പെടെ ഉളള 37 സംസഥാനങ്ങളിൽ 25 ലും സാധാരണ / സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു .കേരളം ഉൾപ്പെടെ ഉള്ള 11 സംസ്ഥാനങ്ങളിൽ മഴ കുറവാണ് ലഭിച്ചത്.
കാലവര്‍ഷക്കാറ്റിന്‍റെ കുറവാണ് കേരളത്തില്‍ മഴകുറയാന്‍ പ്രധാനകാരണം എന്നാണ് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ജൂണിന്‍റെ ആദ്യഘട്ടത്തില്‍ ന്യൂനമര്‍ദ്ദങ്ങള്‍ മൂലം കേരളത്തില്‍ കാര്യമായ മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് ഉണ്ടായില്ല. അതേ സമയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളത്തില്‍ ജൂണ്‍, ജുലൈ മാസങ്ങളില്‍ മഴ കുറവയാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ പിന്നീട് ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വലിയതോതിലുള്ള മഴ ലഭിക്കാറുമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona