ആ റോക്കറ്റ് ശനിയാഴ്ച ഭൂമിയില്‍ വീഴും; ചങ്കിടിപ്പോടെ ലോകം, മൗനം പാലിച്ച് ചൈന.!
ലോംഗ് മാര്‍ച്ച് 5 ബി എന്നാണ് ഈ ചൈനീസ് റോക്കറ്റിന്റെ പേര്, ശനിയാഴ്ച (മെയ് 8) ഭൂമിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ജനവാസമേഖലയില്‍ പതിക്കുമെന്ന് യുഎസ് സര്‍ക്കാരാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് നിര്‍മ്മിത റോക്കറ്റ് ശനിയാഴ്ചയോടെ ഭൂമിയില്‍ പതിക്കും. 21 ടണ്‍ ഭാരമുള്ള ഈ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വീണേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അതു കൃത്യമായി പതിക്കുന്ന സ്ഥലവും സമയവും എവിടെയാണെന്ന് നിര്‍ണയിക്കാന്‍ ഇതുവരെയും ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മാത്രമേ ഇതിന്റെ ഗതി കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയൂവെന്നാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട തങ്ങളുടെ റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നതിനെക്കുറിച്ച് ചൈനയക്ക് അറിയാമെങ്കിലും അതു സമുദ്രത്തിലേ വീഴുവെന്നാണ് അവരുടെ നിലപാട്.
ലോംഗ് മാര്‍ച്ച് 5 ബി എന്നാണ് ഈ ചൈനീസ് റോക്കറ്റിന്റെ പേര്, ശനിയാഴ്ച (മെയ് 8) ഭൂമിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ജനവാസമേഖലയില്‍ പതിക്കുമെന്ന് യുഎസ് സര്‍ക്കാരാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇതിനോടകം നല്‍കി കഴിഞ്ഞു. യുഎസ് പ്രതിരോധ വകുപ്പ് വക്താവ് മൈക്ക് ഹോവാര്‍ഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രവേശിക്കുന്ന തീയതി വെളിപ്പെടുത്തിയെങ്കിലും നിലവില്‍ മറ്റൊന്നും നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൊക്കേഷനെക്കുറിച്ചുള്ള ദൈനംദിന അപ്‌ഡേറ്റുകള്‍ സ്‌പേസ് ട്രാക്കില്‍ പോസ്റ്റുചെയ്യുന്നുണ്ട്. കൂടാതെ 'ലഭ്യമാകുമ്പോള്‍' കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നു ഹാര്‍വാര്‍ഡ് സ്മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്‌ഡൊവല്‍ പറഞ്ഞു.
100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റ് ബോഡി സാറ്റലൈറ്റ് ട്രാക്കറുകള്‍ കണ്ടെത്തിയിട്ടുണ്ട്, ഇപ്പോള്‍ '2021-035 ബി' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഇത് സെക്കന്‍ഡില്‍ നാല് മൈലില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ ഭൂമിയെ ചുറ്റാന്‍ കഴിയുന്നത്ര വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. ചൈനയുടെ വരാനിരിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ നിര്‍മാണ ബ്ലോക്കായ ടിയാന്‍ഹെയെ കഴിഞ്ഞയാഴ്ച ഭ്രമണപഥത്തിലെത്തിക്കാനാണ് ലോംഗ് മാര്‍ച്ച് റോക്കറ്റ് 5 ബി ചൈന വിക്ഷേപിച്ചത്.
ചൈനയിലെ ഏറ്റവും വലിയ കാരിയര്‍ റോക്കറ്റാണ് ലോംഗ് മാര്‍ച്ച് 5 ബി. ചൈനയിലെ ഹൈനാനിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ച (ഏപ്രില്‍ 29)യാണ് ഇത് വിക്ഷേപിച്ചത്. കഴിഞ്ഞ തവണ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാന പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്ന്, ഈ റോക്കറ്റിന്റെ നിരവധി അവശിഷ്ടങ്ങള്‍ ആകാശത്തിലൂടെ പറന്ന് ഐവറി കോസ്റ്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി. എന്നാല്‍ ഇത്തവണ, റോക്കറ്റിന്റെ പ്രധാന ഘട്ടം, പ്രധാനമായും റോക്കറ്റിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കുന്ന ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അനിയന്ത്രിതമായി പ്രവേശിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതിന്റെ പാത ന്യൂയോര്‍ക്ക്, മാഡ്രിഡ് എന്നിവയുമായി ഏകദേശം ഒരു അക്ഷാംശത്തിലും തെക്ക് ചിലിയിലും ന്യൂസിലാന്റിലെ വെല്ലിംഗ്ടണിലും തുടങ്ങി ഈ ശ്രേണിയില്‍ എവിടെയും വീഴാവുന്ന സ്ഥിതിയാണുള്ളത്. എങ്കിലും നിലത്തുതട്ടുന്നതിന് മുമ്പ് മിക്ക ഭാഗങ്ങളും അന്തരീക്ഷത്തില്‍ കത്തിപോയേക്കാമെന്ന് പ്രതീക്ഷിക്കുന്നു. കത്താത്ത അവശിഷ്ടങ്ങള്‍ സമുദ്രങ്ങളിലേക്കോ ജനവാസമില്ലാത്ത പ്രദേശങ്ങളിലേക്കോ വീണേക്കാമെന്നാണ് ചൈനയുടെ ഭാഷ്യം. പക്ഷേ ആളുകള്‍ക്കോ സ്വത്തിനോ നാശനഷ്ടമുണ്ടാകാനുള്ള സാധ്യത അവശേഷിക്കുന്നു, 'സ്‌പേസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് ഭൂമിയിലേക്ക് സാവധാനത്തില്‍ നീങ്ങുന്നതായി ബഹിരാകാശ ട്രാക്കറുകള്‍ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ലോംഗ് മാര്‍ച്ച് 5 ബി ലോഞ്ചിനു ശേഷം കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ എക്കാലത്തെയും വലിയ റീ എന്‍ട്രി കണ്ടു. അന്ന്, ലോസ് ഏഞ്ചല്‍സിനും ന്യൂയോര്‍ക്ക് നഗരത്തിനും മുകളിലൂടെ പറന്നശേഷം പശ്ചിമാഫ്രിക്കയുടെ തീരത്ത് മൗറിറ്റാനിയയുടെ പടിഞ്ഞാറന്‍ തീരത്തുള്ള വെള്ളത്തിലാണ് ഇതിന്റെ അവശിഷ്ടങ്ങള്‍ വീണത്. ലോംഗ് മാര്‍ച്ച് 5 ബി ഫാല്‍ക്കണ്‍ 9 റോക്കറ്റിനേക്കാള്‍ ഏഴിരട്ടി വലുതാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയമായ ഐഎസ്എസിനെ എതിര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള ചൈനയുടെ വരാനിരിക്കുന്ന ബഹിരാകാശ നിലയം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ 11 ദൗത്യങ്ങളില്‍ ആദ്യത്തേതാണ് ടിയാന്‍ഹ വിക്ഷേപണം. 2022 അവസാനത്തോടെ ടിയാങ്‌ഗോംഗ് (ഹെവന്‍ലി പാലസ്) എന്നറിയപ്പെടുന്ന ചൈനീസ് ബഹിരാകാശ നിലയം പൂര്‍ത്തീകരിക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
പൂര്‍ത്തിയാകുമ്പോള്‍, ചൈനീസ് ബഹിരാകാശ നിലയം 340 മുതല്‍ 450 കിലോമീറ്റര്‍ (211 മുതല്‍ 280 മൈല്‍) ഉയരത്തില്‍ ഭൂമിയെ പരിക്രമണം ചെയ്യും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona