നാറ്റ് ജിയോ ചാനലിൽ ചന്ദ്രയാൻ 2 ലാൻഡിംഗ് ലൈവാണ്! അവതരിപ്പിക്കുന്നത് മുൻ ബഹിരാകാശ സഞ്ചാരി
ബഹിരാകാശത്തെ ഇന്ത്യയുടെ ഇന്നേവരെയുള്ള നേട്ടങ്ങളെല്ലാം അവതരിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പരിപാടിയാകും നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി ജെറി ലൈനൻജർ അവതരിപ്പിക്കുക.
നാസയ്ക്ക് വേണ്ടി റഷ്യൻ സ്പേസ് സ്റ്റേഷനായ മിർ, ഡീക്കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് പോയി പരിശോധിച്ച് ''ശരിയാക്കിയ'' ഒരു സംഘം ബഹിരാകാശ സഞ്ചാരികളുണ്ട്. അവരിലൊരാളാണ് ജെറി ലൈനൻജർ. ഒരു പക്ഷേ, അപകടകരം എന്ന് തന്നെ വിളിക്കാവുന്ന ഒരു ദൗത്യം ചുമലിലേറ്റിയ സംഘത്തിലൊരാൾ. ഈ ജെറി ലൈനൻജറാണ് നാഷണൽ ജിയോഗ്രഫിക് ചാനലിന് വേണ്ടി ചന്ദ്രയാൻ - 2 -ന്‍റെ സോഫ്റ്റ് ലാൻഡിംഗിന്‍റെ തത്സമയസംപ്രേഷണം കൈകാര്യം ചെയ്യുക!
ഒരു അന്താരാഷ്ട്ര ടെലിവിഷൻ ചാനൽ 12 മണിക്കൂറിലധികം ഇന്ത്യയുടെ അഭിമാനദൗത്യത്തെക്കുറിച്ചുള്ള ലൈവ് റിപ്പോർട്ടുകൾ നൽകുമെന്നതാണ് മറ്റൊരു സവിശേഷത. ഐഎസ്ആർഒയുടെ ചന്ദ്രയാൻ - 2 ദൗത്യം വൻനേട്ടമാണെന്നാണ് ജെറി ലൈനൻജർ അഭിപ്രായപ്പെട്ടത്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനങ്ങൾ നടത്താൻ ചന്ദ്രയാൻ 2 -ലൂടെ കഴിയുമെന്നും ലൈനൻജർ പറയുന്നു.
ബെംഗളുരുവിലെ ഐഎസ്ആർഒ കൺട്രോൾ റൂമിൽ നിന്നാണ് നാഷണൽ ജിയോഗ്രഫികിൽ ലൈവ് ഷോ നടക്കുക. ബഹിരാകാശത്തെ തന്‍റെ അനുഭവങ്ങളും ലൈനൻജർ പങ്കുവയ്ക്കും. അമേരിക്കൻ നാവികസേനയിലെ വിരമിച്ച ക്യാപ്റ്റൻ കൂടിയായ ലൈനൻജർ, മിർ ബഹിരാകാശ നിലയത്തിലെ ഏറ്റവും അപകടകരമായ ഒരു അപകടം കൂടി അതിജീവിച്ചയാളാണ്.
അഞ്ച് മാസമാണ് മിർ നിലയത്തിൽ ലൈനൻജർ കഴിഞ്ഞത്. വളരെപ്പഴയ സാങ്കേതിക വിദ്യയിൽ പ്രവർത്തിച്ചിരുന്ന നിലയത്തിൽ ഒരിക്കൽ തീ പടർന്നു. ജീവഹാനി വരെ സംഭവിച്ചേക്കാമായിരുന്ന ആ അപകടം വളരെ വിദഗ്‍ധമായി കൈകാര്യം ചെയ്തു മിർ.
ആ കഥകളെക്കുറിച്ച് മിർ തന്നെ പറയുന്നത് കേൾക്കാം: