ഇന്ത്യയുടേത് ഭീകരമായ പരീക്ഷണം; മിഷന്‍ ശക്തി സ്പേസ് സെന്‍ററിന് ഭീഷണി: ഇന്ത്യക്കെതിരെ നാസ
ഇന്ത്യയുടെ ചരിത്ര പ്രധാനമായ മിഷന്‍ ശക്തി പരീക്ഷണത്തിനെതിരെ നാസ. ബഹിരാകാശത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന നടപടിയാണ് ഇന്ത്യയുടേതെന്ന് നാസ പ്രതികരിച്ചു.
വാഷിങ്ടണ്‍: ഇന്ത്യയുടെ ചരിത്ര പ്രധാനമായ മിഷന്‍ ശക്തി പരീക്ഷണത്തിനെതിരെ നാസ. ബഹിരാകാശത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന നടപടിയാണ് ഇന്ത്യയുടേതെന്ന് നാസ പ്രതികരിച്ചു. ഭീകരമായ പരീക്ഷണമാണ് ഇന്ത്യ നടത്തിയതെന്നായിരുന്നു നാസയുടെ വിശേഷണം. ഇന്ത്യ ഒരു സാറ്റ്‍ലൈറ്റ് തകര്‍ത്തതോടെ അതിന്‍റെ 400 അവശിഷ്ടങ്ങള്‍ അവിടെ നിലനില്‍ക്കുകയാണ്. അത് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനടക്കം ഭീഷണിയാണ്.
നാസ മേധാവി ജിം ബ്രൈഡ്സ്റ്റൈന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... സാറ്റലൈറ്റ് തകർത്തുള്ള ഇത്തരം പരീക്ഷണങ്ങൾ ലോ ഓർബിറ്റിൽ ദീർഘകാല അനന്തരഫലങ്ങളുണ്ടാക്കും. അമേരിക്കന്‍ ഗവേഷകര്‍ ഇന്ത്യ തകർത്ത സാറ്റ്‍ലൈറ്റിന്റെ ഭാഗങ്ങളെ നിരീക്ഷിച്ചു വരികയാണ്. മൈക്രോസാറ്റ് ആർ പൊട്ടിത്തെറിച്ച് 400 ഭാഗങ്ങളായെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതില്‍ 60 ഭാഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ 24 എണ്ണം ഇന്‍റര്‍നാഷണല്‍ സ്പേസ് സെന്‍ററിന് മുകള്‍ ഭാഗത്താണ് ഉള്ളത്. അതുകൊണ്ടു തന്നെ അതിഭീകരമായ പരീക്ഷമാണിതെന്ന് പറയുന്നത്. ഇനി എന്താണ് അതിന് സംഭവക്കുന്നതെന്ന് നോക്കിയിരിക്കുകായണ്. തകര്‍ക്കപ്പെട്ടതിന്‍റെ അവശിഷ്ടങ്ങളില്‍ മുഴുവനായും ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല. പത്ത് സെന്‍റീമീറ്ററും അതിന് മുകളിലും വലിപ്പമുള്ളവയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആരോഗ്യം, കാലാവസ്ഥ തുടങ്ങി സര്‍വ മേഖലയിലെയും ബഹിരാകാശ ദൗത്യങ്ങളുടെ ഭൂരിഭാഗവും നടക്കുന്നത് ലോ ഓര്‍ബിറ്റിലാണ്. ഇവിടെയാണ് ലൈവ് സാറ്റലൈറ്റ് തകര്‍ത്ത് പരീക്ഷണം നടത്തിയിരിക്കുന്നത്. വളരെ സൂക്ഷ്മമായി അവശിഷ്ടങ്ങളുടെ നീക്കങ്ങളെ നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് യുഎസ് മിലിറ്ററി സ്ട്രാറ്റജിക് കമാൻഡും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് മാലിന്യം സൃഷ്ടിക്കുന്ന ഇത്തരമൊരു പരീക്ഷണം ഉത്തരവാദിത്തമുള്ള ഒരു രാജ്യവും ചെയ്യില്ലെന്ന് യൂറോപ്യൻ സ്പേസ് ഏജൻസിയും പ്രതികരിച്ചു. നിരവധി ഭാഗങ്ങളായി തകർന്ന ഉപഗ്രഹം ഭാവിയിൽ നിരവധി പ്രശ്നങ്ങൾക്കു കാരണമാകുമെന്നാണ് ശാസ്ത്രജ്ഞൻ മാത്തിയാസ് മോറെറിന്‍റെ മുന്നറിയിപ്പ്.
ഇന്ത്യ ബഹിരാകാശനേട്ടം കൈവരിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയത്.