മാനത്തെ പൂത്തിരി! മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ; ജെമിനിഡ് ഉല്‍ക്കാവര്‍ഷം വരും ദിവസങ്ങളില്‍, എങ്ങനെ കാണാം?

ഈ വര്‍ഷത്തെ ഏറ്റവും ആകര്‍ഷകമായ ജെമിനിഡ് ഉല്‍ക്കാവര്‍ഷം വരും ദിവസങ്ങളില്‍ കാണാം 

How to watch 2024 Geminid meteor shower as it peaks next days

മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ മാനത്ത് പെയ്യുന്ന അപൂര്‍വ ദൃശ്യം. 2024ലെ ഏറ്റവും ആകര്‍ഷകമായ ബഹിരാകാശ വിസ്‌മയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ഡിസംബര്‍ 12നും 13നുമാണ് ജ്യോതിശാസ്ത്ര ലോകത്തിന്‍റെ എല്ലാ കണ്ണുകളും കൂര്‍പ്പിക്കുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഭൂമിയില്‍ നിന്ന് കാണാനാവുക. 

എല്ലാ വര്‍ഷവും ഡിസംബര്‍ മാസം മധ്യേ മാനത്ത് ഏറെ ഉല്‍ക്കകള്‍ കാണാറുണ്ട്. 2024ല്‍ ഡിസംബര്‍ 4 മുതല്‍ 20 വരെയാണ് ഉല്‍ക്കാവര്‍ഷമുള്ളത്. ഈ വര്‍ഷം ഉല്‍ക്കാവര്‍ഷം ഏറ്റവും പാരമ്യത്തില്‍ എത്തുന്നത് ഡിസംബര്‍ 12, 13 തിയതികളിലായിരിക്കും. മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ ഈ ദിവസങ്ങളില്‍ കാണാനാകും. സമീപ പതിറ്റാണ്ടുകളില്‍ ജെമിനിഡ് ഉല്‍ക്കകള്‍ ഭൂമിയോട് കൂടുതല്‍ അടുത്ത് ചുറ്റിക്കറങ്ങുന്നതിനാല്‍ ഇവ കാണാനുള്ള സാധ്യതയേറിയിട്ടുണ്ട്. ഏറ്റവും തെളിച്ചവും വേഗമുള്ളതുമായ ഉല്‍ക്കാവര്‍ഷം എന്നാണ് ജെമിനിഡിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നല്‍കുന്ന വിശേഷണം. പ്രത്യേക ടെലസ്കോപ്പുകളോ ബൈനോക്കുലറുകളോ ഇല്ലാതെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ജെമിനിഡ് ഉല്‍ക്കാവര്‍ഷം മനുഷ്യര്‍ക്ക് ആസ്വദിക്കാം. 

സാധാരണ ഉല്‍ക്കകള്‍ ധൂമകേതുക്കളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം 3200 ഫേത്തോണ്‍ എന്ന ഛിന്നഗ്രഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കാരണം സംഭവിക്കുന്നതാണ്. മണിക്കൂറില്‍ 241,000 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. വെള്ള, മഞ്ഞ, പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങള്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം മാനത്ത് സൃഷ്ടിക്കും. രാസഘടനയുടെ പ്രത്യേകതകള്‍ കാരണമാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷം ആകാശത്ത് നിറങ്ങളുടെ വിസ്‌മയം തീര്‍ക്കുന്നത്. ഈ ബഹിരാകാശ അവശിഷ്ടങ്ങളിലുള്ള സോഡിയവും കാല്‍സ്യവുമാണ് ഇതിന് കാരണം. ജെമിനിഡ് ഉല്‍ക്കാവര്‍ഷം 1862ലാണ് ആദ്യമായി കണ്ടെത്തിയത് എന്നാണ് ചരിത്രം. 

ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഏറ്റവും ആകര്‍ഷകമായി കാണണമെങ്കില്‍ നഗര വെളിച്ചത്തില്‍ നിന്ന് ഏറെ മാറി വാനനിരീക്ഷണം നടത്തണമെന്ന് നാസ നിര്‍ദേശിക്കുന്നു. 

Read more: ചന്ദ്രനില്‍ ഒരാള്‍ കുടുങ്ങിയാല്‍ രക്ഷിക്കാന്‍ നിങ്ങളുടെ കയ്യില്‍ ഐഡിയയുണ്ടോ? ലക്ഷാധിപതിയാകാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios