ചന്ദ്രനില്‍ ഒരാള്‍ കുടുങ്ങിയാല്‍ രക്ഷിക്കാന്‍ നിങ്ങളുടെ കയ്യില്‍ ഐഡിയയുണ്ടോ? ലക്ഷാധിപതിയാകാം
ചന്ദ്രനില്‍ ഒരാള്‍ കുടുങ്ങിയാല്‍ എങ്ങനെ രക്ഷിക്കാം; പ്ലാനുകള്‍ ക്ഷണിച്ച് നാസ, 16 ലക്ഷം രൂപ സമ്മാനം ലഭിക്കും
മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടെമിസ് പദ്ധതികളിലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. എന്നാല്‍ അത്രത്ര എളുപ്പമുള്ള കാര്യമല്ല. പരുപരുത്ത പാറകളും അഗാധ ഗര്‍ത്തങ്ങളും തണുപ്പും നിറഞ്ഞ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും നടക്കുകയും വലിയ വെല്ലുവിളിയാണ്. ഇതിനിടെ അപകടം പോലുള്ള എന്തെങ്കിലും അടിയന്തര സാഹചര്യം സംഭവിച്ചാലോ? ചന്ദ്രനില്‍ ഏതെങ്കിലുമൊരു സഞ്ചാരിക്ക് അടിയന്തര സാഹചര്യമുണ്ടായാല്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്ലാനുകള്‍ ക്ഷണിച്ചിരിക്കുകയാണ് നാസ. വെറുതെ വേണ്ട, നല്ല ഐഡിയക്ക് ഇന്ത്യന്‍ രൂപ 16.6 ലക്ഷം പ്രതിഫലം നാസ നല്‍കും.
ചന്ദ്രനില്‍ കുടുങ്ങുന്ന സഞ്ചാരികള്‍ക്ക് രക്ഷയേകുന്ന സംവിധാനത്തിന്‍റെ ഡിസൈനാണ് നാസ ക്ഷണിച്ചിരിക്കുന്നത്. സൗത്ത് പോള്‍ സേഫ്റ്റി ചലഞ്ച്: ലൂണാര്‍ റെസ്‌ക്യൂ സിസ്റ്റം എന്നാണ് ഈ മത്സരത്തിന് നാസ ഇട്ടിരിക്കുന്ന പേര്. 20 ഡിഗ്രി വരെ ചരിവുള്ള ദുഷ്‌കരമായ ചാന്ദ്ര ഭൂപ്രദേശത്ത് കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും ഒരു സ്‌പേസ് സ്യൂട്ടിൽ ബഹിരാകാശയാത്രികരെ വഹിക്കാൻ കഴിയുന്ന സംവിധാനം രൂപകൽപ്പന ചെയ്യുക എന്നതാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നിലുള്ള വെല്ലുവിളി. ഒരു റോവർ ഇല്ലാതെ സ്വന്തമായി പ്രവർത്തിക്കുന്ന സംവിധാനം ആയിരിക്കണം ഇത്. ആർട്ടെമിസ് ദൗത്യങ്ങൾക്കായി നാസ ലക്ഷ്യമിടുന്ന ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ കൊടുതണുപ്പും കഠിനമായ പ്രതലവും അതിജീവിക്കുന്ന തരത്തിലുള്ള സംവിധാനമാണ് രൂപകല്‍പന ചെയ്യേണ്ടത്.
ഒരു അടിയന്തര സാഹചര്യമുണ്ടായാല്‍ ചാന്ദ്ര പര്യവേഷകര്‍ക്ക് അനായാസവും പ്രായോഗികവുമായി ഈ രക്ഷാ സംവിധാനം ഉപയോഗിക്കാന്‍ കഴിയണം. അടുത്ത തലമുറ ആസിയം സ്പേസ് സ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണം ഈ സംവിധാനം എന്ന നിബന്ധനയുമുണ്ട്. 2023 ജനുവരി 23 വരെ ഡിസൈനുകള്‍ HeroX വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. 45,000 യുഎസ് ഡോളറാണ് ഈ മത്സരത്തിന് ആകെ സമ്മാനത്തുക. വിജയിക്ക് 20,000 ഡോളര്‍ ലഭിക്കും. ചാന്ദ്ര ദൗത്യത്തില്‍ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാസയെ സഹായിക്കുക വഴി ലക്ഷക്കണക്കിന് രൂപ നേടാമെന്ന് ചുരുക്കം. 2027 മധ്യത്തിലെ ആര്‍ട്ടെമിസ് 3 ദൗത്യത്തിലാണ് മനുഷ്യനെ ഇനി ചന്ദ്രനിലിറക്കാന്‍ നാസ പദ്ധതിയിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം