ചാങ്ങ് ഇ 5 പേടകം ചന്ദ്രനിലിറക്കി ചൈന; സാംപിൾ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങും
അവസാനമായി സോവിയറ്റ് യൂണിന്റെ ലൂണ 24 ആണാ ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിച്ചത്. 44 വർഷം മുമ്പായിരുന്നു ഇത്.
ബെയ്ജിംഗ്: ചന്ദ്രോപരിതലത്തിൽ വീണ്ടും വിജയകരമായി പേടകമിറക്കി ചൈന. ചാങ്ങ് ഇ 5 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തതായി ചൈനീസ് സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇത് മൂന്നാം തവണയാണ് ചൈന ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നത്.
ചന്ദ്രനിലെ മോൺസ് റൂംകർ മേഖലയിൽ ലാൻഡ് ചെയ്ത ചാങ്ങ് ഇ 5 ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങും. അടുത്ത ദിവസങ്ങളിൽ തന്നെ ചാങ്ങ് ഇ 5 മടക്കയാത്ര ആരംഭിക്കുമെന്നാണ് ചൈനയിൽ നിന്ന് വരുന്ന റിപ്പോർട്ട്.
വിജയകരമായി ദൗത്യം പൂർത്തിയാക്കാനായാൽ ചന്ദ്രനിൽ നിന്ന് സാമ്പിൾ തിരികെയെത്തിച്ച മൂന്നാമത്തെ രാജ്യമായി ചൈന മാറും. ഇതിന് മുമ്പ്, അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
അവസാനമായി സോവിയറ്റ് യൂണിന്റെ ലൂണ 24 ആണാ ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിച്ചത്. 44 വർഷം മുമ്പായിരുന്നു ഇത്. രണ്ട് കിലോഗ്രാം സാമ്പിളെങ്കിലും ഭൂമിയിലെത്തിക്കാനാകുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. ദൗത്യവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചൈന പുറത്ത് വിട്ടിട്ടില്ല.