ചരിത്രത്തിലേക്ക് ചന്ദ്രയാൻ 2; നാളെ ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കും
രാവിലെ 9:30 യോടെയായിരിക്കും ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്.
ബംഗളൂരു: വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് നാളെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. രാവിലെ 9:30 യോടെയായിരിക്കും ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക.
ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാൻ രണ്ട് പ്രവേശിക്കുക. ഇതിന് ശേഷം 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ 1 വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും.
സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ട് ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
ജൂലൈ 22നായിരുന്നു ചാന്ദ്രയാൻ രണ്ട് പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയെങ്കിലും പെട്ടന്ന് തന്നെ പ്രശ്നങ്ങൾ പരിഹരിച്ച ഇസ്റോ ദൗത്യത്തിന്‍റെ സമയക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു.