4660 Nereus : ശതകോടികളുടെ ധാതു ശേഖരം; ഛിന്നഗ്രഹം ഖനനം ചെയ്യാന്‍ പദ്ധതി, നടക്കുമോ?
നെറ്യൂസ് എന്ന ഛിന്നഗ്രഹം നിക്കല്‍, ഇരുമ്പ്, കൊബാള്‍ട്ട് എന്നിവയാല്‍ നിര്‍മ്മിച്ചതാണ്. ഛിന്നഗ്രഹത്തിന്റെ മൂല്യം 4.71 ബില്യണ്‍ ഡോളറാണെന്നും അവ ഖനനം ചെയ്യുന്നതിലൂടെ ലോകത്തിന് 1.39 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കാമെന്നുമാണ് റിപ്പോര്‍ട്ട്
1998-ലെ സയന്‍സ് ഫിക്ഷന്‍ സിനിമയായ അര്‍മഗെദ്ദോന്‍ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍, ഓര്‍ക്കുക, സമാനമായ ഒരു സംഭവത്തിനാണ് അരങ്ങൊരുങ്ങുന്നത്. അന്ന് ഛിന്നഗ്രഹത്തില്‍ ഒരു ദ്വാരമുണ്ടാക്കി അതിനുള്ളില്‍ അണുബോംബ് പൊട്ടിച്ച് ഛിന്നഗ്രഹത്തെ പിളര്‍ത്താനായിരുന്നു പദ്ധതി. എന്നാല്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ ഒരു ഛിന്നഗ്രഹം തുരന്ന് ധാതുക്കള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമോ? '4660 Nereus' എന്ന് പേരിട്ടിരിക്കുന്ന അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം, കഴിഞ്ഞയാഴ്ച നമ്മുടെ ഗ്രഹത്തിനു സമീപത്തു കടന്നുപോയി, അത് കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഒന്നായിരുന്നു. അതിലെങ്ങാനും അങ്ങനെ ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കളി കാര്യമായേനെ എന്നു ശാസ്ത്രലോകം പറയുന്നു.
ഛിന്നഗ്രഹങ്ങളുടെ ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസ് ആയ ആസ്റ്റര്‍നാക്ക് പറയുന്നതനുസരിച്ച്, നെറ്യൂസ് എന്ന ഛിന്നഗ്രഹം നിക്കല്‍, ഇരുമ്പ്, കൊബാള്‍ട്ട് എന്നിവയാല്‍ നിര്‍മ്മിച്ചതാണ്. ഛിന്നഗ്രഹത്തിന്റെ മൂല്യം 4.71 ബില്യണ്‍ ഡോളറാണെന്നും അവ ഖനനം ചെയ്യുന്നതിലൂടെ ലോകത്തിന് 1.39 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കാമെന്നും വെബ്സൈറ്റ് കുറിക്കുന്നു.
ഛിന്നഗ്രഹ ഖനനം ഒരു പുതിയ ആശയമല്ല. 'എസ്-ടൈപ്പ്' ഛിന്നഗ്രഹങ്ങള്‍ അല്ലെങ്കില്‍ പാറകള്‍ നിറഞ്ഞ ഛിന്നഗ്രഹങ്ങളില്‍ വിലയേറിയ ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. 'ഒരു ചെറിയ, 10 മീറ്റര്‍ (യാര്‍ഡ്) എസ്-തരം ഛിന്നഗ്രഹത്തില്‍ ഏകദേശം 650,000 കിലോഗ്രാം ലോഹം അടങ്ങിയിരിക്കുന്നു, ഏകദേശം 50 കിലോ പ്ലാറ്റിനം, സ്വര്‍ണ്ണം തുടങ്ങിയ അപൂര്‍വ ലോഹങ്ങളുടെ രൂപത്തിലാണ് ഇതിന്റെ ഇരിപ്പ്. പത്തിരട്ടി ലോഹങ്ങളുള്ള അപൂര്‍വ ഛിന്നഗ്രഹങ്ങളുണ്ട്. മെറ്റാലിക് അല്ലെങ്കില്‍ 'എം-ക്ലാസ്' ഛിന്നഗ്രഹങ്ങള്‍ ആണിത്.
നാസയുടെ OSIRIS-REx ദൗത്യത്തിന്റെ പ്രധാന അന്വേഷണം പോലും ഇതാണ്. 2016-ല്‍ വിക്ഷേപിച്ച OSIRIS-REx ബഹിരാകാശ പേടകത്തിന് രണ്ട് കിലോഗ്രാമില്‍ കൂടുതല്‍ ഇത്തരത്തില്‍ ശേഖരിക്കാന്‍ കഴിഞ്ഞു. ഭൂമിയില്‍ നിന്ന് 320 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ബെന്നൂ എന്ന ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ കൈക്കലാക്കി കൊണ്ട് ശാസ്ത്രലോകത്തെ കൊതിപ്പിച്ചു കൊണ്ട്, ഈ ബഹിരാകാശ പേടകം മെയ് മാസത്തില്‍ ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു, 2023 ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആസ്റ്ററാങ്ക് പറയുന്നതനുസരിച്ച്, ബെന്നുവിന്റെ ഛിന്നഗ്രഹത്തിന്റെ മൂല്യം 669 ദശലക്ഷം ഡോളറും ലാഭം 185 മില്യണ്‍ ഡോളറുമാണ്. ഇത്തരത്തില്‍ 100 ട്രില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന മറ്റ് നിരവധി ഛിന്നഗ്രഹങ്ങളുണ്ടെന്ന് വെബ്‌സൈറ്റ് കുറിക്കുന്നു.