Asteroid Approach : ഭൂമിയുടെ 'സമീപത്ത്' കൂടി കടന്ന് പോകും ഒരു വമ്പൻ ഛിന്നഗ്രഹം
റോബർട്ട് മക്നോട്ട് എന്ന നിരീക്ഷകനാണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി തിരിച്ചറിയുന്നത്. ഓസ്ട്രേലിയയിലെ സ്ലൈഡിം സ്പ്രിംഗ് നിരീക്ഷണ കേന്ദ്രത്തിൽ വച്ച് 1994 ഓഗസ്റ്റ് 9നായിരുന്നു ഇത്.
ദില്ലി: വീണ്ടും ഒരു ഛിന്നഗ്രഹം (Asteroid) വാർത്തകളിൽ നിറയുകയാണ്. 2022 ജനുവരി 18ന് ഭൂമിയുടെ 'സമീപത്ത്' കൂടി കടന്നുപോകാൻ പോകുന്ന (7482) 1994 PC1 എന്ന ഛിന്നഗ്രഹമാണ് പുതിയ താരം. വളരെ കാലമായി വാനനിരീക്ഷകർ ഈ ഛിന്നഗ്രഹത്തെ പഠിക്കുന്നുണ്ട്. ഭൂമിക്ക് ഒരു തരത്തിലും ഭീഷണിയാകുന്ന തരത്തിൽ അല്ല നിലവിൽ ഇതിന്റെ സഞ്ചാരപാത.
ഭൂമിയിൽ നിന്ന് 1.93 മില്യൺ കിലോമീറ്റർ വരെ ദൂരെക്കൂടി ആയിരിക്കും ഛിന്നഗ്രഹം കടന്നുപോകുക. അതായത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 5 മടങ്ങിൽ കൂടുതൽ ദൂരെ. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരു നല്ല ടെലിസ്കോപ്പ് ഉപയോഗിച്ച് അമേച്വർ ആസ്ട്രോണമർമാർക്കും ഛിന്നഗ്രഹത്തെ കാണാൻ പറ്റുമെന്നാണ് റിപ്പോർട്ട്.
1994PC1 എന്ന പേര് നമ്മൾ 1994 മുതൽ ഈ ഛിന്നഗ്രഹത്തെ നമ്മൾ നിരീക്ഷിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. പൊട്ടൻഷ്യലി ഹസാർഡസ് വിഭാഗത്തിലാണ് നിരീക്ഷകർ ഛിന്നഗ്രഹത്തെ പെടുത്തിയിരിക്കുന്നത്. അതായത് തൽക്കാലം വലിയ ഭീഷണിയല്ലെങ്കിലും എന്നെങ്കിലും നമ്മുക്ക് ആശങ്കയാവാൻ സാധ്യതയുണ്ടെന്ന് ചുരുക്കം. 3,280 അടി വ്യാസമുള്ള ഛിന്നഗ്രഹം എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിനെക്കാൾ രണ്ടര ഇരട്ടി വലുതാണ്.
റോബർട്ട് മക്നോട്ട് എന്ന നിരീക്ഷകനാണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി തിരിച്ചറിയുന്നത്. ഓസ്ട്രേലിയയിലെ സ്ലൈഡിം സ്പ്രിംഗ് നിരീക്ഷണ കേന്ദ്രത്തിൽ വച്ച് 1994 ഓഗസ്റ്റ് 9നായിരുന്നു ഇത്. ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാത മനസിലാക്കിയ ഗവേഷകർ 1974 മുതലുള്ള വിവരങ്ങൾ വിശകലനം ചെയ്ത് പഴയ ചിത്രങ്ങളിലും ഇതേ ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞു. ലഭ്യമായ വിവരങ്ങൾ ഏകീകരിച്ച് ഈ ഛിന്നഗ്രഹത്തിന്റെ വ്യക്തമായ ഭ്രമണപഥം തിരിച്ചറിഞ്ഞുണ്ട്.
സൗരയൂധത്തിലെ ഏതെങ്കിലും ഒരു വസ്തു ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 1.3 മടങ്ങിലും ചെറിയ അകലത്തിൽ നമ്മുടെ ഗ്രഹത്തിന്റെ സമീപം വരികയാണെങ്കിൽ അവയെ നിയർ എർത്ത് ഓബജക്ട് എന്ന് വിളിക്കുന്നു. അവയിൽ തന്നെ 140 മീറ്ററിൽ കൂടുതൽ വലിപ്പമുള്ളവയും ഭൂമിയുടെ ഭ്രമണപഥത്തിന് അടുത്ത് വരികയും ചെയ്യുന്ന വസ്തുക്കളെ പൊട്ടൻഷ്യലി ഹസാർഡസ് ഓബ്ജക്ട് എന്ന് വിളിക്കുന്നു. നാസയടക്കമുള്ള ബഹിരാകാശ ഗവേഷണ ഏജൻസികൾ ഇത്തരം ഭീഷണികളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
സൂര്യനും, ഭൂമിയടക്കമുള്ള ഗ്രഹങ്ങൾക്കും, പ്ലൂട്ടോയടക്കമുള്ള കുള്ളൻ ഗ്രഹങ്ങൾക്കുമൊപ്പം നമ്മുടെ സൗരയൂധത്തിന്റെ ഭാഗമാണ് ഛിന്നഗ്രഹങ്ങളും, എറ്റവും ലളിതമായി പറഞ്ഞാൽ ബഹിരാകാശത്ത് കൂടി ഒഴുകി നടക്കുന്ന കൂറ്റൻ പാറക്കഷ്ണങ്ങൾ. സൗരയൂധത്തോളം തന്നെ പഴക്കമുള്ളവയാണ് ഇവ. സൂര്യനും മറ്റ് ഗ്രഹങ്ങളും രൂപം കൊള്ളുമ്പോൾ തന്നെയാണ് ഈ വലിയ പാറകളും രൂപം കൊണ്ടത്. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലൂടെ സൂര്യനെ വലം വയ്ക്കുന്ന അവസ്ഥയിലാണ് പ്രധാനമായും ഛിന്നഗ്രഹങ്ങളെ കാണാൻ കഴിയുക. ലക്ഷക്കണക്കിന് പാറക്കഷ്ണങ്ങൾ ഇങ്ങനെ സൂര്യനെ വലം വച്ച് കൊണ്ടിരിക്കുന്നു.