'ഥാര്‍ മരുഭൂമിയിലൂടെ നദി ഒഴുകിയിരുന്നു'; പുരാതന നദിയുടെ തെളിവുമായി ഗവേഷകര്‍
മരുഭൂമിയുടെ മധ്യഭാഗത്ത് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതായും കാലക്രമേണ അത് ശോഷിക്കുകയായിരുന്നുവെന്നും ഗവേഷകര്‍
ബിക്കാനീര്‍: ഥാര്‍ മരുഭൂമിയിലൂടെ നദി ഒഴുകിയതിന്‍റെ തെളിവുമായി ഗവേഷകര്‍. ഥാര്‍ മരുഭൂമിയുടെ മധ്യത്തിലൂടെ 1.72 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഴുകിയിരുന്ന നദിയുടെ അവശേഷിപ്പുകളാണ് ബിക്കാനീറിന് സമീപം കണ്ടെത്തിയതെന്നാണ് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഥാര്‍ മരുഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താമസിച്ചിരുന്ന മനുഷ്യരുടെ ജീവനാഡിയായിരിക്കാം ഈ നദിയെന്നാണ് ഗവേൽകര്‍ പറയുന്നത്.
ക്വാര്‍ട്ടേനറി സയന്‍സ് റിവ്യൂ എന്ന ജേര്‍ണലിലാണ് ഈ നിര്‍ണായക കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ജര്‍മ്മനിയിലെ ദി മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട, തമിഴ്നാട്ടിലെ അണ്ണാ സര്‍വ്വകലാശാല, കൊല്‍ക്കത്ത ഐഐഎസ്ഇആര്‍ എന്നിവയിലെ ഗവേഷകരുടേതാണ് കണ്ടത്തല്‍. പുരാതന നദിയുണ്ടായിരുന്ന കാലത്ത് ഥാര്‍ മരുഭൂമിയുടെ അവസ്ഥ മറ്റൊന്നായിരിക്കാമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ബിക്കാനീറിലെ ഈ പുരാതന നദി കണ്ടെത്തിയ സ്ഥലത്ത് നിന്നും ഇരുപത് കിലോമീറ്ററോളം അകളെയാണ് ഇന്ന് നദിയുള്ളത്.
പാലിയോലിഥിക് കാലഘട്ടത്തില്‍ ഈ നദി സുപ്രധാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഥാര്‍ മരുഭൂമിക്ക് വലിയൊരു ചരിത്രം അവകാശപ്പെടാനുണ്ടെന്നും ശിലായുഗ കാലത്ത് മനുഷ്യര്‍ ഈ പ്രദേശത്ത് ജീവിക്കുക മാത്രമല്ല തഴച്ചുവളര്‍ന്നിട്ടുണ്ടാവുമെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ഗവേഷകര്‍ പറയുന്നത് അനുസരിച്ച് നദിയുടെ നിരവധി കൈവരികള്‍ സാറ്റലൈറ്റ് ഇമേജുകള്‍ ഉപയോഗിച്ച് കണ്ടെത്താനായിട്ടുണ്ട്. ഒരിക്കല്‍ ഥാര്‍ മരുഭൂമിയിലൂടെ നദി ഒഴുകിയിട്ടുണ്ട്, എന്നാല്‍ അത് എപ്പോഴാണ് എന്ന് കണ്ടെത്തേണ്ടതുണ്ട്. നാള്‍ ഗ്രാമത്തില്‍ നടന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തല്‍.
മരുഭൂമിയുടെ മധ്യഭാഗത്ത് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതായും കാലക്രമേണ അത് ശോഷിക്കുകയായിരുന്നുവെന്നുമാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്കുള്ള ആധുനിക മനുഷ്യരുടെ കുടിയേറ്റത്തിന് ഈ നദിയുമായി ബന്ധമുണ്ടാവാം എന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്.