ചലഞ്ചര്‍ ഡീപ്പില്‍ നിന്ന് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയവയില്‍ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാവുന്ന മിമി വൈറസുകളും
സസ്തനികളുടെ കോശങ്ങള്‍ക്ക് തകരാറുണ്ടാക്കാന്‍ മിമി വൈറസുകള്‍ക്ക് സാധിക്കുമെന്നാണ് ചില പരീക്ഷണങ്ങളില്‍ വ്യക്തമായിട്ടുള്ളത്. എന്നാല്‍ ഇവ മനുഷ്യന് നേരിട്ട് എത്ര അപകടകാരിയാണെന്നത് വ്യക്തമല്ല. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തരം സാംപിളുകള്‍ ശേഖരിക്കുന്നതിനെ ചില ഗവേഷകര്‍ വിമര്‍ശിക്കുന്നുണ്ട്.
മരിയാന ട്രഞ്ചിലെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചര്‍ ഡീപ്പില്‍ നിന്നും നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കുന്ന അത്ര വലുപ്പമുള്ള വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍. ഇവയെ നിരീക്ഷണത്തിലാണെന്നാണ് ഷാംങ്ഹായില്‍ നിന്നുള്ള ഗവേഷക സംഘം വിശദമാക്കുന്നത്. സമുദ്രങ്ങളില്‍ തന്നെ ഏറ്റവും ആഴമേറിയ ഭാഗമെന്ന് വിശേഷിപ്പിക്കുന്ന ഇവിടുത്തേക്കുറിച്ച് നിരവധി പ്രചാരണങ്ങളാണുള്ളത്. മിമി വൈറസുകള്‍ അടക്കമുള്ളവയെയാണ് ചലഞ്ചര്‍ ഡീപ്പില്‍ കണ്ടെത്തിയത്. അമീബയില്‍ താമസമാക്കുന്ന വൈറസുകളാണ് മിമി വൈറസ്.
കടലിന്‍റെ അടിത്തട്ടില്‍ നിന്ന് 36000 അടി ആഴത്തില്‍ നിന്നാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. മറ്റെവിടേയും കണ്ടിട്ടില്ലാത്ത വലിയ വൈറസുകളേയും ഇവിടെ നിന്ന് കണ്ടെത്താനായതായി ഗവേഷകര്‍ വിശദമാക്കുന്നു. മര്‍ദ്ദം അന്തരീക്ഷത്തേക്കാള്‍ 1100 തവണ അധികമായ ഇടങ്ങളില്‍ നിന്നാണ് ഈ ഭീമന്‍ വൈറസുകളെ കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ സാംപിളുകള്‍ ശേഖരിക്കാനുള്ള ആദ്യത്തെ ദൌത്യം പരാജയപ്പെട്ടിരുന്നു. ഇതിനേ ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനീസ് ഗവേഷണ കപ്പലായ ഷാങ് ജിയാന്‍ ആ ദൌത്യത്തില്‍ വിജയിക്കുകയായിരുന്നു. അതീവ സാഹസികമായ ഈ ദൌത്യത്തിലൂടെ ശേഖരിച്ച സാംപിളുകളില്‍ നിന്ന് 15 ഇനം വൈറസുകളെയാണ് തിരിച്ചറിയാന്‍ സാധിച്ചത്.
കഠിനമായ തണുപ്പും സൂര്യ പ്രകാശം പോലും കടന്നുചെല്ലാത്തതുമായ ഈ മേഖലയില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ നിന്ന് നൂറിലധികം സൂക്ഷ്മ ജീവികളേയും കണ്ടെത്തിയിച്ചുണ്ട്. 2000ത്തോളം സൂക്ഷ്മ ജീവികളെ ലാബിലെ സാഹചര്യങ്ങളില്‍ വളര്‍ത്തിയെടുക്കാനും ഗവേഷകര്‍ക്ക് സാധിച്ചതായാണ് റിപ്പോര്‍ട്ട്. 1992ലാണ് ബാക്ടീരിയയെന്ന് തെറ്റിധരിക്കപ്പെട്ടവയാണ് മിമി വൈറസുകള്‍. മിമി വൈറസുകളുടെ ഘടനയാണ് ഇത്തരമൊരു തെറ്റിധാരണയ്ക്ക് കാരണമായത്. 700 നാനോമീറ്റര്‍ വരെ ഇവയ്ക്ക് വളര്‍ച്ചയുണ്ടാവുന്ന ഇവയെ പലപ്പോഴും നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാനും സാധിക്കാറുണ്ട്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഫിസിയോളജി ആന്‍ഡ് ഇക്കോളജി വിഭാഗത്തിലെ പ്രൊഫസറായ ലി സുവാനാണ് ഈ വസ്തുതകള്‍ വിശദമാക്കിയിരിക്കുന്നത്.
ചലഞ്ചര്‍ ഡീപ്പില്‍ നിന്ന് ശേഖരിച്ച സാംപിളില്‍ അല്ല താന്‍ പഠനം നടത്തിയതെന്നും സമാനമായ സാഹചര്യത്തില്‍ ലാബില്‍ സൃഷ്ടിച്ച സാംപിളിലായിരുന്നു പഠനമെന്നും പ്രൊഫസര്‍ ലി സുവാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വളരെ സങ്കീര്‍ണമാണ് ഇവയുടെ ജീന്‍ ഘടനയെന്നും ലി വിശദമാക്കുന്നു. കൊറോണ വൈറസുമായി താരതമ്യം ചെയ്യുമ്പോള്‍ 40 തവണ സങ്കീര്‍ണമാണ് ഇവയെന്നും ലി സുവാന്‍ വിശദമാക്കുന്നു. സസ്തനികളുടെ കോശങ്ങള്‍ക്ക് തകരാറുണ്ടാക്കാന്‍ മിമി വൈറസുകള്‍ക്ക് സാധിക്കുമെന്നാണ് ചില പരീക്ഷണങ്ങളില്‍ വ്യക്തമായിട്ടുള്ളത്.
എന്നാല്‍ ഇവ മനുഷ്യന് നേരിട്ട് എത്ര അപകടകാരിയാണെന്നത് വ്യക്തമല്ല. ഇവ താമസമാക്കുന്ന ജീവികളെ അനുസരിച്ചാണ് ഇവയുടെ പ്രോട്ടീന്‍ പ്രൊഡക്ഷനിലും മെറ്റബോളിസത്തിലും വ്യത്യാസമുണ്ടാവുന്നത്. ഏകകോശ ജീവികളില്‍ കാണുന്നതിന് സമാനമാണ് മിമി വൈറസുകളിലെ ഇത്തരം പ്വര്‍ത്തനങ്ങളെന്നുമാണ് ലി സുവാന്‍റെ പഠനം വ്യക്തമാക്കുന്നത്. ഷാംങ്ഹായില്‍ നിന്നും 3000 കിലോമീറ്റര്‍ അകലെയുള്ള പസഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ച് ചൈനയുടെ സമുദ്ര ഗവേഷണത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തരം സാംപിളുകള്‍ ശേഖരിക്കുന്നതിനെ ചില ഗവേഷകര്‍ വിമര്‍ശിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona