പുതിയ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ; 60 ദിവസത്തെ കാലാവധി അനുവദിച്ചു, 'ഹുറൂബി'ൽ കുടുങ്ങിയവർക്ക് ആശ്വാസം
ഈ വര്‍ഷം ഡിസംബർ ഒന്ന് മുതൽ 2025 ജനുവരി 29 വരെയാണ് അനുവദിച്ചിരിക്കുന്ന കാലാവധി.
റിയാദ്: ജോലിക്ക് ഹാരാകുന്നില്ല എന്ന തൊഴിലുടമയുടെ പരാതിയിൽ സൗദി ജവാസത് (പാസ്പോർട്ട് ഡയറക്ടറേറ്റ്) സ്വീകരിക്കുന്ന നിയമനടപടിയായ ‘ഹുറൂബി’ൽ അകപ്പെട്ട മുഴുവൻ വിദേശികൾക്കും സന്തോഷ വാർത്ത. ഹുറൂബ് നീക്കി പദവി ശരിയാക്കി നിയമാനുസൃതം ജോലിയിൽ തുടരാനും മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റാനും 60 ദിവസത്തെ ഇളവുകാലം പ്രഖ്യാപിച്ചു.
2024 ഡിസംബർ ഒന്ന് മുതൽ 2025 ജനുവരി 29 വരെ 60 ദിവസം വരെയാണ് പദവി ശരിയാക്കാനുള്ള കാമ്പയിൻ കാലം. ഈ സമയത്തിനുള്ളിൽ ‘ഖിവ’ പോർട്ടൽ വഴി നടപടികൾ പൂർത്തീകരിക്കണം. തൊഴിൽ മന്ത്രാലയത്തിെൻറ ഖിവ പോർട്ടലാണ് ഇക്കാര്യം അറിയിച്ചത്. 2024 ഡിസംബർ ഒന്നിന് മുമ്പ് ‘ഹുറൂബാ’യവർക്കാണ് ഇളവ് പ്രയോജനപ്പെടുത്താനാവുക. ഗാർഹിക തൊഴിലാളികൾ ഈ ഇളവിന് അർഹരല്ല. അതല്ലാത്ത മുഴുവൻ തൊഴിൽ വിസക്കാർക്കും ഇളവ് ലഭ്യമാകും. ഹുറൂബായ ആളുകൾക്ക് ഖിവ പോർട്ടലിൽനിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസായി ലഭിച്ച് തുടങ്ങിയിട്ടുണ്ട്. മെസേജ് ലഭിക്കുന്നവർ ഖിവ പോർട്ടൽ സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കണം.
തൊഴിൽ, തൊഴിലുടമ ബന്ധത്തിെൻറ സുസ്ഥിരത വർധിപ്പിക്കാനും തൊഴിലാളികൾക്ക് അവരുടെ സാഹചര്യം ചട്ടങ്ങൾക്കനുസൃതമായി ക്രമപ്പെടുത്താനും അവരുടെ സേവനങ്ങൾ മറ്റൊരു തൊഴിലുടമക്ക് കൈമാറാനും ഒരു അധിക അവസരം നൽകുകയാണ് ഈ കാമ്പയിെൻറ ലക്ഷ്യം. അതേസമയം ലഭ്യമായ ഈ കാലയളവ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഇനിയൊരു അവസരമുണ്ടാകില്ലെന്നും കാമ്പയിൻ സംബന്ധിച്ച സർക്കുലറിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം