ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ പ്രവചിച്ചിരിക്കുന്നത്.
മസ്കറ്റ്: ഒമാനില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച വരെയാണ് വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ പ്രതീക്ഷിക്കുന്നത്. ഇത് മൂലം മുസന്ദം ഗവര്‍ണറേറ്റ്, അല്‍ ഹാജര്‍ പര്‍വ്വതനിരകളുടെ ഭാഗങ്ങള്‍, ഒമാന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ചില താഴ്വരകള്‍ നിറഞ്ഞൊഴുകും. കാറ്റ് വീശുന്നത് പൊടിപടലങ്ങള്‍ ഉയരാന്‍ കാരണമാകും. മിക്ക തീരപ്രദേശങ്ങളിലും തിരമാലകള്‍ ഉയരും. താപനില കുറയുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്.
മഴ മൂലം വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മത്സ്യബന്ധനത്തിന് പോകുന്നവര്‍ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ പറയുന്നു. പൊടിയും മഴയും മൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാരും ജാഗ്രത പാലിക്കണം.