സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനി 'റിയാദ് എയറി'ന്റെ ആദ്യ വിമാനം തിങ്കളാഴ്‌ച പറന്നുയരും
പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കുമെന്ന് ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ് ആദ്യ പറക്കലിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.
റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ 'റിയാദ് എയർ' വിമാനം തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ ആദ്യമായി പറക്കും. രാജ്യത്തിലെ ഈ ചരിത്ര നിമിഷത്തിലെ സന്തോഷം പങ്കിടാൻ റിയാദ് എയർ കമ്പനി അതിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പൗരന്മാരോട് ആഹ്വാനം ചെയ്തു. റിയാദ് എയർ അതിന്റെ വ്യതിരിക്തമായ ഡിസൈൻ കൊണ്ട് മാതൃരാജ്യത്തിന്റെ ആകാശത്തെ അലങ്കരിക്കുന്ന നിമിഷങ്ങളായിരിക്കും ഇതെന്നും കമ്പനി പറഞ്ഞു.
പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കുമെന്ന് ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ് ആദ്യ പറക്കലിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. വയലറ്റ് നിറത്തിൽ അണിയിച്ചൊരുക്കിയ റിയാദ് എയർ ആദ്യ വിമാനത്തിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന്റെ നിർദേശത്തെത്തുടർന്ന് സൗദി പൊതു നിക്ഷേപ ഫണ്ടിന് കീഴിൽ കഴിഞ്ഞ മാർച്ചിലാണ് റിയാദ് എയർ കമ്പനി സ്ഥാപിതമായത്. വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപരമായ സ്ഥാനം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ വിമാന കമ്പനി ആരംഭിച്ചിരിക്കുന്നത്. റിയാദ് ആസ്ഥാനമായി ആരംഭിക്കുന്ന റിയാദ് എയർ ലോകമെമ്പാടുമുള്ള നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
Read also: സ്വദേശിവത്കരണത്തില്‍ പുതിയ നടപടികളുമായി യുഎഇ; കടുത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...