റഹീമിന്‍റെ മോചനം; അടുത്ത സിറ്റിങ് തീയതി അറിയിച്ച് കോടതി, കേസ് പരിഗണിക്കുന്നത് ഡിസംബർ 30ന്
ഇന്നത്തെ എല്ലാ കേസുകളും മാറ്റിവെച്ച കൂട്ടത്തിലാണ് റഹീം കേസും മറ്റൊരു ദിവസത്തേക്കായി മാറ്റിയത്.
റിയാദ്: സാങ്കേതിക പ്രശ്നങ്ങളാൽ ഇന്ന് മാറ്റി വെച്ച കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ കേസ് ഡിസംബർ 30 വ്യാഴാഴ്ച രാവിലെ 11:30 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനൽ കോടതിയിൽ ചേരാൻ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതോടെയാണ് മോചന വിധി ഇനിയും നീളുന്നത്. ഇന്നത്തെ എല്ലാ കേസുകളുടെയും സിറ്റിങ് തീയതി മാറ്റിയിട്ടുണ്ട്. മോചനവുമായി ബന്ധപ്പെട്ട തുടർച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അതാണ് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയത്.
റഹീമിന്‍റെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ഉള്ളത് കൊണ്ടല്ല സിറ്റിങ് നീട്ടിയതെന്നും മറിച്ച് റിയാദ് കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് കോടതി ചേര്‍ന്നത്.
ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നൽകാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബർ 12 ലേക്ക് മാറ്റുകയായിരുന്നു.