പാളിയത് ദൂരം കണക്കാക്കിയത്, യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതിന്‍റെ കാരണമിത്

ലാന്‍ഡറിലെ സ്വയം നിര്‍ണയ സംവിധാനം ചന്ദ്രനിലേക്കുള്ള ദൂരം പൂജ്യം മീറ്ററെന്ന് കണക്കാക്കിയ സമയത്ത് പേടകം ചന്ദ്രന് അഞ്ച് കിലോമീറ്റര്‍ ഉയരത്തിലായിരുന്നുവെന്ന് പരിശോധനകളില്‍ വ്യക്തമായി.

reason why Hakuto R moon Rashid Rover landing mission failed etj

അബുദാബി: യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടത് ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്നതില്‍ ലാന്‍ഡറിന് സംഭവിച്ച പിഴവ് മൂലമാണെന്ന് കണ്ടെത്തൽ. റാഷിദ് റോവറിനെയും വഹിച്ചു കൊണ്ടുള്ള ഹകുട്ടോ ആര്‍ ലാന്‍ഡറിന് ചന്ദ്രോപരിതലത്തിന് അഞ്ച് കിലോമീറ്റര്‍ മുകളില്‍ വച്ച് നിയന്ത്രണം നഷ്ടമായതായി നിര്‍മാതാക്കളായ ഐ സ്പേസ് അറിയിച്ചു. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുകൊണ്ടുള്ള ഹകുട്ടോ ആര്‍ എം വണ്‍ ലാന്‍ഡര്‍ ഏപ്രില്‍ 26നാണ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. 

ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്നതില്‍ ലാന്‍ഡറിന് പിഴവ് സംഭവിച്ചതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ലാന്‍ഡറിലെ സ്വയം നിര്‍ണയ സംവിധാനം ചന്ദ്രനിലേക്കുള്ള ദൂരം പൂജ്യം മീറ്ററെന്ന് കണക്കാക്കിയ സമയത്ത് പേടകം ചന്ദ്രന് അഞ്ച് കിലോമീറ്റര്‍ ഉയരത്തിലായിരുന്നുവെന്ന് പരിശോധനകളില്‍ വ്യക്തമായി. ഇതിന് ശേഷവും ലാന്‍ഡര്‍ നിയന്ത്രിത വേഗത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും ഇന്ധനം തീര്‍ന്നത് തിരിച്ചടിയായി. ഇന്ധനം തീര്‍ന്നതോടെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നും നിര്‍മാതാക്കളായ ജാപ്പനീസ് കമ്പനി ഐ സ്പേസ് അറിയിച്ചു. 

സോഫ്റ്റ് വെയര്‍ തകരാര്‍ മൂലമായിരിക്കാം ദൂരം കണക്കാക്കിയതില്‍ തെറ്റ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമേ 2021 ഫെബ്രുവരിയില്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാനുള്ള സ്ഥലം മാറ്റി നിശ്ചയിച്ചതും ദൗത്യം പാളാന്‍ കാരണമായെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ തകര്‍ന്ന് കിടക്കുന്ന ലാന്‍ഡറിന്‍റെയും റോവറിന്‍റെയും ദൃശ്യങ്ങൾ പകര്‍ത്തിയിരുന്നു. 

അറബ് ലോകത്തെ തന്നെ ആദ്യ ചാന്ദ്ര ദൗത്യമായ റാഷിദ് റോവര്‍  ഡിസംബര്‍ 11നാണ് അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്‍‍പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. റോവര്‍ വഹിക്കുന്ന ഹകുടോ ആര്‍ മിഷന്‍ 1 വാഹനം  മാര്‍ച്ച് 21ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios