ഗതാഗത നിയമങ്ങൾ കടുപ്പിച്ച് ദുബൈ; പുതിയ അറിയിപ്പ്, വാഹനമോടിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി കിട്ടും'
ഗുരുതര ഗതാഗത നിയമലംഘനങ്ങൾക്ക് 30 ദിവസം വരെ വാഹനം കണ്ടുകെട്ടും.
ദുബൈ: ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നിയമം കടുപ്പിച്ച് ദുബൈ. വാഹനം കണ്ടുകെട്ടുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ പൊലീസ്. റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും വാഹനാപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്.
പുതിയ നിയമം അനുസരിച്ച് ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. ജീവനോ സ്വത്തിനോ ഗതാഗത സുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുക, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കുക, ഹെവി വാഹനങ്ങൾ റോഡിലെ ലെയ്ൻ അച്ചടക്കം പാലിക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്കാണ് 30 ദിവസത്തേക്കു വാഹനം പിടിച്ചെടുക്കുക.
സുരക്ഷ ഉറപ്പാക്കാതെ റോഡിൽ പ്രവേശിക്കുക, ജീവനും സ്വത്തിനും ഗതാഗത സുരക്ഷയ്ക്കും ഭീഷണിയാകുംവിധം വാഹനം റിവേഴ്സ് എടുക്കുക, ലെയ്ൻ അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെടുക, തക്കതായ കാരണമില്ലാതെ നടുറോഡിൽ വാഹനം നിർത്തിയിടുക, അപകടകരമാംവിധം ഓവർടേക് ചെയ്യുക, അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ അല്ലാതെ ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തിയിടുക, ഹാർഡ് ഷോൾഡറിലൂടെ ഓവർടേക്ക് ചെയ്യുക, അംഗീകൃത നമ്പർ പ്ലേറ്റ് ഇല്ലാതെയോ വാഹനം ഓടിക്കുക, ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുക, അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുക എന്നീ സന്ദർഭങ്ങളിൽ 14 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം