വന്ദേ ഭാരത്: സൗദിയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു
അധിക സര്‍വ്വീസുകളില്‍ 32 എണ്ണം ഇന്‍ഡിഗോയും 15 സര്‍വ്വീസുകള്‍ ഗോ എയറുമാണ് നടത്തുക. 25 സര്‍വ്വീസുകള്‍ കേരളത്തിലേക്കാണ്.
റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. മുമ്പ് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി 47 സര്‍വ്വീസുകളാണ് ഇന്ത്യന്‍ എംബസി അധികമായി പ്രഖ്യാപിച്ചിട്ടുള്ളത്.
അധിക സര്‍വ്വീസുകളില്‍ 32 എണ്ണം ഇന്‍ഡിഗോയും 15 സര്‍വ്വീസുകള്‍ ഗോ എയറുമാണ് നടത്തുക. 25 സര്‍വ്വീസുകള്‍ കേരളത്തിലേക്കാണ്. ഇതില്‍ ഗോ എയറിന്റെ 15 സര്‍വ്വീസുകളും കേരളത്തിലേക്ക് മാത്രമാകും സര്‍വ്വീസ് നടത്തുന്നത്. ദമ്മാമില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്‍ഡിഗോയുടെ 10 സര്‍വ്വീസുകളും കേരളത്തിലേക്കുണ്ട്. ജൂലൈ 21 മുതല്‍ ഈ മാസം 31 വരെ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോടേക്ക് ദമ്മാമില്‍ നിന്ന് ഗോ എയര്‍ മൂന്ന്, ഇന്‍ഡിഗോ മൂന്ന്, കൊച്ചിയിലേക്ക് ഗോ എയര്‍ മൂന്ന്, ഇന്‍ഡിഗോ മൂന്ന്, തിരുവനന്തപുരത്തേക്ക് ഗോ എയര്‍ മൂന്ന്, ഇന്‍ഡിഗോ ഒന്ന്, കണ്ണൂരിലേക്ക് ഇന്‍ഡിഗോ മൂന്ന് എന്നിങ്ങനെയാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റിയാദില്‍ നിന്ന് നാലും ജിദ്ദയില്‍ നിന്ന് രണ്ടും സര്‍വ്വീസുകളാണ് കേരളത്തിലേക്കുള്ളത്. ഇവ കോഴിക്കോടേക്കാണുള്ളത്. അതത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രാനുമതിയുള്ളത്.