കര്‍ശന പരിശോധന; ആറ് കിലോ മയക്കുമരുന്നും 1,33,000 ലഹരി ഗുളികകളും കുവൈത്തിൽ പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍
പ്രതികളെയും പിടികൂടിയ ലഹരിമരുന്നും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് കൈവശം വെച്ച മൂന്നു പേര്‍ പിടിയില്‍. ആറ് കിലോ മയക്കുമരുന്നും 1,33,000 സൈക്കോട്രോപിക് ഗുളികകളുമായാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. അനധികൃതമായി കൈവശം വെച്ച തോക്കും പിടിച്ചെടുത്തു.
പിടികൂടിയ വസ്തുക്കള്‍ കള്ളക്കടത്തിനായി സൂക്ഷിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചു. പ്രതികളെയും പിടികൂടിയ ലഹരിമരുന്നും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. രാജ്യത്ത് ലഹരിമരുന്ന് വിതരണം കണ്ടെത്തുന്നതിനും തടയുന്നതിനും വ്യാപകമായി പരിശോധനകള്‍ നടത്തി വരികയാണ്.
Read Also - ബമ്പറടിച്ചത് മലയാളിക്ക്; ബിഗ് ടിക്കറ്റില്‍ 33 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി
അതേസമയം കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് കർശനമായ പരിശോധന നടത്തി. ഫെബ്രുവരി ഒന്നിന് നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 3,309 ട്രാഫിക്ക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഒമ്പത് പേരെ പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരെയും പരിശോധനകളില്‍ പിടികൂടിയിട്ടുണ്ട്. നിയമലംഘനം നടത്തിയ ആറ് വാഹനങ്ങളാണ് പിടിച്ചെടുത്ത് ഗ്യാരേജിലേക്ക് മാറ്റിയത്. ശല്യപ്പെടുത്തുന്ന ശബ്ദവുമായി ബന്ധപ്പെട്ട് 42 നിയമ ലംഘനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 16 വാഹനങ്ങൾ പിടിച്ചെടുത്തു. 107 റഡാർ നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു.
താമസ നിയമം ലംഘിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. ആവശ്യമായ രേഖകകൾ കൈവശം ഇല്ലാത്ത നാല് പേരും പരിശോധനകളില്‍ പിടിയിലായി. രാജ്യവ്യാപകമായി കർശനമായ പരിശോധന ക്യാമ്പയിനുകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...