77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യൻ സമൂഹം
ദേശീയപതാക ഉയർന്നയുടൻ പ്രവാസികലാകാരന്മാർ പങ്കെടുത്ത സാംസ്കാരിക പരിപാടികൾ അരങ്ങേറി. വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളുടെ അതിഭീകര കാഴ്ചകൾ അണിനിരത്തിയ ഫോട്ടോപ്രദർശനവും സംഘടിപ്പിച്ചിരുന്നു.
റിയാദ്: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് സൗദി അറേബ്യയിലെ പ്രവാസി സമൂഹം. റിയാദിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഔദ്യോഗിമായ ആഘോഷം റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസി അങ്കണത്തിൽ നടന്നു. രാവിലെ എട്ടിന് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
പ്രവാസി ഇന്ത്യൻ സമൂഹ പ്രതിനിധികളും സുഹൃത്ത് രാഷ്ട്രങ്ങളിൽനിന്നുള്ളവരും എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പടെ അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു.രാഷ്ട്രപതി ദ്രൗപതി മുർമുവിെൻറ സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു. തുടർന്ന് സദസിനെ അഭിസംബോധന ചെയ്ത അംബാസഡർ ഇന്ത്യ-സൗദി സൗഹൃദം ശക്തിപ്പെടുന്നതിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിെൻറ നൂറാം വാർഷികം തികയുന്ന 2047 വരെ നീളുന്ന ശതാബ്ദി ആഘോഷമായ ‘അമൃത് കാൽ’ പരിപാടിയെയും ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികളയും കുറിച്ച് വിശദീകരിച്ചു. സൗദിയിലെ ഇന്ത്യൻ പ്രവാസിസമൂഹത്തിന് അംബാസഡർ ആശംസകൾ നേർന്നു.
ദേശീയപതാക ഉയർന്നയുടൻ പ്രവാസികലാകാരന്മാർ പങ്കെടുത്ത സാംസ്കാരിക പരിപാടികൾ അരങ്ങേറി. വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളുടെ അതിഭീകര കാഴ്ചകൾ അണിനിരത്തിയ ഫോട്ടോപ്രദർശനവും സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളുടെ മുന്നോടിയായി എംബസി സംഘടിപ്പിച്ച ഓൺലൈൻ ഫ്രീഡം ക്വിസ് മത്സരത്തിലെ വിജയികളെ ചടങ്ങിൽ അംബാസഡർ ഉപഹാരം നൽകി ആദരിച്ചു.
Read Also - സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഒമാനിലെ ഇന്ത്യൻ സമൂഹം
2021 മാർച്ച് 12-ന് ഔദ്യോഗികമായി ആരംഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75-ാം വാർഷിക സ്മരണയായ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ സമാപനവും ഇന്ന് കൊണ്ടാടി. ഈ ആഘോഷങ്ങളുടെ ഭാഗമായി എംബസി അസംഖ്യം കലാസാംസ്കാരിക വൈജ്ഞാനിക കായിക വിനോദ പരിപാടികൾ ഒരുക്കിയിരുന്നു. നിരവധി സാംസ്കാരിക പരിപാടികൾ, ചലച്ചിത്രോത്സവങ്ങൾ, ഗോൾഫ് ടൂർണമെൻറ്, പ്രഭാഷണ പരമ്പര, യോഗ പരിപാടി, പലവിധ പ്രദർശന മേളകൾ തുടങ്ങിയവയാണ് ഈ ആഘോഷ വർഷത്തിലെ വിവിധ കാലയളവുകളിലായി അരങ്ങേറിയത്. ഇന്ത്യ-സൗദി നയതന്ത്രബന്ധത്തിെൻറ പ്ലാറ്റിനം ജൂബിലിയും യാദൃശ്ചികമായി ഇതേ കാലയളവിൽ തന്നെ ആയത് ആഘോഷത്തിന് പൊലിമയേറ്റി.
ഈ വർഷം ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി ജന്മഭൂമിക്ക് ആദരം അർപ്പിക്കാനും ദേശസുരക്ഷക്കും ഭദ്രതക്കുമായി ജീവൻ ത്വജിച്ച രക്തസാക്ഷികളെ ഓർക്കാനുമായി ‘മേരി മാതി, മേരാ ദേശ്’ (എെൻറ ജന്മദേശം, എെൻറ രാജ്യം) എന്ന പേരിൽ ഒരു കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കുചേർന്ന് റിയാദിൽ എംബസിയും പ്രത്യേക പരിപാടി ഈ മാസം 12 ന് സംഘടിപ്പിച്ചിരുന്നു. പ്രവാസി സമൂഹം അതിലും പങ്കുകൊണ്ടു. അതിനോടൊപ്പം ‘ഹർ ഘർ തിരംഗ’ കാമ്പയിനെയും എംബസി കുടുംബാംഗങ്ങളും പ്രവാസി സമൂഹവും വർധിച്ച പങ്കാളിത്തം കൊണ്ട് സജീവമാക്കി.
(ഫോട്ടോ: 1. റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തുന്നു, 2. പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നു, 3. ഗാന്ധി പ്രതിമയിൽ ഹാരസമർപ്പണം നടത്തുന്നു, 4. പ്രവാസി നർത്തകർ അവതരിപ്പിച്ച നൃത്ത പരിപാടികൾ, 5. ഫ്രീഡം ക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികളെ അംബാസഡർ ആദരിക്കുന്നു)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...