കേബിളുകളും വയറുകളും മോഷ്ടിച്ച നാലു പേർ ഒമാനില്‍ പിടിയിൽ
പൊലീസ് പിടിയിലായ നാലുപേർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞെന്നും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിൽ കേബിളുകൾ മോഷ്ടിച്ച നാല് പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. സീബ് വിലായത്തിലെ നിരവധി ഇലക്ട്രിക്കൽ കോംപ്ലക്സുകളിൽ നിന്ന് കേബിളുകളും വയറുകളും മോഷ്ടിച്ച കുറ്റത്തിനാണ് നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മസ്‌കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് സംഘവുമായി സഹകരിച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്. പൊലീസ് പിടിയിലായ നാലുപേർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞെന്നും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
Read Also - പ്രവാസികൾ ശ്രദ്ധിക്കുക! ബാഗേജുകളിൽ അച്ചാറും നെയ്യുമടക്കം പറ്റില്ല, നിരോധനമുള്ള വസ്തുക്കളുടെ ലിസ്റ്റ്
നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 17,260 പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 17,260 വിദേശികള്‍ പിടിയില്‍. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഈ മാസം 19 മുതല്‍ 25 വരെ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.
താമസ നിയമം ലംഘിച്ച 10,819 പേർ, അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,090 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,351പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 703 പേരും അറസ്റ്റിലായി. ഇവരിൽ 37 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. 23 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 24 പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 48,405 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 42,495 നിയമലംഘകരുടെ ഫയലുകൾ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി. 2,199 നിയമ ലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശിപാർശ ചെയ്തു. 9,239 ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...