Asianet News MalayalamAsianet News Malayalam

നിയമലംഘകരെ സഹായിക്കാൻ പോയാൽ 15 വർഷം തടവും കൂടെ വമ്പൻ തുക പിഴയും; സൗദിയിൽ പിടിയിലായത് 22,993 അനധികൃത താമസക്കാർ

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,378 ആണ്. അവരിൽ 41 ശതമാനം യമൻ പൗരന്മാരും 58 ശതമാനം ഇത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്

22993 illegal residents were arrested in Saudi Arabia
Author
First Published Oct 15, 2024, 6:44 PM IST | Last Updated Oct 15, 2024, 6:44 PM IST

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് കഴിഞ്ഞയാഴ്ച 22,993 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്‌ടോബർ മൂന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ സുരക്ഷാസേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റുകൾ നടന്നത്. 14,269 താമസ നിയമം ലംഘിച്ചവരും 5,230 അതിർത്തി സുരക്ഷാ ലംഘകരും 3,494 തൊഴിൽ നിയമ ലംഘകരുമാണ് പിടിയിലായത്.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,378 ആണ്. അവരിൽ 41 ശതമാനം യമൻ പൗരന്മാരും 58 ശതമാനം ഇത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 80 പേർ നിയമവിരുദ്ധമായി രാജ്യത്തുനിന്നും പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി. നിയമലംഘകരെ കടത്തിക്കൊണ്ടുവരികയും അഭയം നൽകുകയും ജോലി നൽകുകയും ചെയ്ത 19 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

13,520 പുരുഷന്മാരും 1,616 സ്ത്രീകളും ഉൾപ്പെടെ ആകെ 15,136 നിലവിൽ നാടുകടത്തൽ കേന്ദ്രത്തിൽ നിയമനടപടികൾ നേരിടുകയാണ്. മൊത്തം 7,211 നിയമലംഘകരുടെ വിവരങ്ങൾ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. 2,381 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. നടപടികൾ പൂർത്തിയായ 11,907 നിയമലംഘകരെ ഒരാഴ്ചക്കിടെ നാടുകടത്തി.

നിയമലംഘകർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും അഭയം നൽകിയ കെട്ടിടങ്ങളും കണ്ടുകെട്ടും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ലോകം കാണാൻ ആഗ്രഹിക്കുന്നു! ട്രെന്‍ഡിംഗ് ലിസ്റ്റിലെ ആദ്യ 10ൽ കേരളത്തിന്‍റെ സർപ്രൈസ് എൻട്രി

ഇനി പഠനം മാത്രമല്ല ഈ ക്ലാസ് റൂമുകളിൽ, വയറിങ്, പ്ലംബിങ് മുതൽ കളിനറി സ്‌കിൽസ് വരെ; ക്രിയേറ്റീവ് ആകാൻ കേരളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios