ഗുരുതര കൊവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ക്ക് ഒമാനില്‍ 14 ദിവസം ഹോം ഐസൊലേഷന്‍
മേല്‍നോട്ട ചുമതലയുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാതെ ഐസൊലേഷന്‍ അവസാനിപ്പിക്കാന്‍ പാടില്ല. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളില്‍ ശരീരോഷ്മാവ്, ചുമ, ശ്വാസതടസ്സം എന്നിവയാണ് കൊവിഡ് ലക്ഷണങ്ങള്‍.
മസ്‌കറ്റ്: കൊവിഡ് ഗുരുതരമല്ലാത്ത രോഗികളുടെ ഹോം ഐസൊലേഷന്‍ സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. പുതിയ മാനദണ്ഡമനുസരിച്ച് ചെറിയ കൊവിഡ് ലക്ഷണങ്ങള്‍ മുതലുള്ളവരെ വരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസായി പരിഗണിക്കുകയും ഹെല്‍ത്ത് കെയര്‍ സംവിധാനത്തില്‍ പേര് ചേര്‍ക്കുകയും ചെയ്യും. ഇവര്‍ 14 ദിവസം വീടുകളിലോ താമസസ്ഥലങ്ങളിലോ ഐസൊലേഷനില്‍ കഴിയണം.
മേല്‍നോട്ട ചുമതലയുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാതെ ഐസൊലേഷന്‍ അവസാനിപ്പിക്കാന്‍ പാടില്ല. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളില്‍ ശരീരോഷ്മാവ്, ചുമ, ശ്വാസതടസ്സം എന്നിവയാണ് കൊവിഡ് ലക്ഷണങ്ങള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് സൗജന്യ കൊവിഡ് പരിശോധന ലഭ്യമാവുക.
ഹോം ഐസൊലേഷന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
- നല്ല വായുസഞ്ചാരമുള്ള പ്രത്യേക മുറിയും ടോയ്‌ലറ്റ് സൗകര്യവും ഉണ്ടാകണം. ആശുപത്രിയില്‍ പോകാനല്ലാതെ പുറത്തിറങ്ങരുത്.
- ഭക്ഷണം നല്‍കാനും വേണ്ട സഹായങ്ങള്‍ക്കും കുടുംബത്തിലെ ഒരംഗത്തെ ചുമതലപ്പെടുത്തണം.
- ഇയാള്‍ രോഗിക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌കും കൈയ്യുറകളും ധരിക്കണം.
- ഉപയോഗത്തിന് ശേഷം മാസ്‌കും കൈയ്യുറകളും ഉപേക്ഷിച്ച് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
- ഐസൊലേഷനിലുള്ള കുടുംബാംഗങ്ങളെ ബന്ധുക്കളും സുഹൃത്തുക്കളും സന്ദര്‍ശിക്കാന്‍ പാടില്ല.
- ദിവസവും മുറിയും ടോയ്‌ലറ്റും അണുവിമുക്തമാക്കണം. ഇവര്‍ക്കുള്ള പാത്രങ്ങള്‍, ടവലുകള്‍ എന്നിവ പ്രത്യേകം വെക്കണം.