Asianet News MalayalamAsianet News Malayalam

ലോകോത്തര നിലവാരം, കേരളത്തിൽ അത്യാധുനിക ഗോൾഫ് അക്കാദമി! 2036 ലെ ലക്ഷ്യവും പങ്കുവച്ച് കേന്ദ്ര കായികമന്ത്രി

കേരളത്തിൽ സായി ദേശീയ ഗോൾഫ് അക്കാദമി സ്ഥാപിച്ചതിൽ കേന്ദ്രമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Union Minister says India will become one of the top 10 performing countries in the field of sports
Author
First Published Oct 20, 2024, 3:48 PM IST | Last Updated Oct 20, 2024, 3:48 PM IST

തിരുവനന്തപുരം: 2036 ഓടെ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 10 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. തിരുവനന്തപുരം സായിയിലെ നവീകരിച്ച ഗോൾഫ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യം കൈവരിക്കുന്നത്തിനായി ചിട്ടയോടുകൂടിയ പ്രവർത്തനമാണ് കേന്ദ്ര ഗവൺമെന്റ് നടത്തുന്നത്. സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്ന് ജില്ലാ തലം മുതൽ ഖേലോ ഇന്ത്യ പദ്ധതി നടപ്പാക്കി വരുന്നതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലാ തലം മുതൽ ദേശീയ തലം വരെ ഒരു സമഗ്ര പദ്ധതിയാണ് ഖേലോ ഇന്ത്യ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2036 ൽ ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം  വഹിക്കണമെങ്കിൽ രാജ്യത്തെ കായിക അടിസ്ഥാന സൗകര്യം മികച്ചതാക്കണം, മികച്ച കഴിവുള്ള താരങ്ങളെ പരിപോഷിപ്പിക്കണം, ഇതിനായി മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. 2047 ൽ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ശരീരികവും, മാനസികവുമായ ആരോഗ്യമുള്ള പൗരന്മാരാണ് വികസിത ഭാരത്തിന് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമുള്ള പൗരന്മാർ ചേർന്ന് സൃഷ്ട്ടിക്കുന്ന ആരോഗ്യമുള്ള സമൂഹം രാജ്യത്തിന്റെ സമ്പത്താണെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിൽ സായി ദേശീയ ഗോൾഫ് അക്കാദമി സ്ഥാപിച്ചതിൽ കേന്ദ്രമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഗോൾഫ് കോഴ്‌സ്, അത്യാധുനിക ഫിറ്റ്‌നസ് സെന്‍റർ, ആധുനിക വിനോദ സൗകര്യങ്ങൾ തുടങ്ങിയ ലോകോത്തര സൗകര്യങ്ങളോടെയാണ് ദേശീയ ഗോൾഫ് അക്കാദമി സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം നവീകരിച്ച ഗോൾഫ് കോഴ്‌സ് സന്ദർശിച്ച മന്ത്രി, ഗോൾഫ് കളിക്കുകയും ചെയ്തു.

കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി ടൂറിസം മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ 2017 മാർച്ച് 31 നാണ് ഗോൾഫ് കോഴ്‌സ് സ്ഥാപിച്ചത്. സായിയുടെ ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലേക്ക് 9.27 കോടി വകയിരുത്തിയിരുന്നു. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് ഈ അഭിലാഷ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്.

പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തെ സായിയിലെ അന്താരാഷ്ട്ര കായികതാരങ്ങളെ ഡോ. മൻസുഖ് മാണ്ഡവ്യ ആദരിച്ചു. ടൂറിസം, പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ സന്നിഹിതന്നായിരുന്നു. തിരുവനന്തപുരത്തെ ഗോൾഫ് ക്ലബും ടെന്നീസ് ക്ലബ്ബും സമൂഹത്തിന്‍റെ ഏറ്റവും താഴെത്തട്ടിൽ നിന്നുള്ള യഥാർത്ഥ പ്രതിഭകളെ ഉയർത്തി കൊണ്ടു വന്നിട്ടുണ്ടെന്ന് സദസിനെ അഭിസംബോധന ചെയ്യവെ കേന്ദ്ര സഹമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണൽ സെക്രട്ടറി സുമൻ ബില്ല ഐ എ എസ്, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ടി ജി സി സെക്രട്ടറി എസ് എൻ രഘുചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തോട്ടിൽ തേങ്ങ ആണെന്ന് കരുതി നോക്കി, പക്ഷെ നെടുമങ്ങാട് റബ്ബർ തൊഴിലാളി കണ്ടത് നിറയെ ചില്ലറ തുട്ടുകൾ! അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios