Asianet News MalayalamAsianet News Malayalam

ഒളിംപിക്സിൽ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം, അമ്പെയ്ത്തിൽ ഉന്നം തെറ്റാതിരിക്കാൻ 6 താരങ്ങൾ റാങ്കിംഗ് മത്സരത്തിന്

റാങ്കിംഗ് പോരാട്ടങ്ങളില്‍ പങ്കെടുക്കുന്ന 128 കളിക്കാരും 72 അമ്പുകള്‍ വീതം ലക്ഷ്യത്തിലേക്ക് പായിക്കും. ഇതിലെ അവസാന സ്കോര്‍ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിക്കുക.

Paris Olympics: Archers begin India's campaign on Thursday, What is Archery ranking round
Author
First Published Jul 25, 2024, 9:53 AM IST | Last Updated Jul 25, 2024, 9:56 AM IST

പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാന്‍ ഒരു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ഇന്ത്യയുടെ ഒളിംപിക്സ് പോരാട്ടങ്ങൾ ഇന്ന് തുടങ്ങും. അമ്പെയ്ത്താണ് ഇന്ത്യയുടെ ആദ്യ മത്സരയിനം. വനിതകൾ ഉച്ചയ്ക്ക് ഒരു മണിക്കും പുരുഷൻമാർ വൈകിട്ട് 5.45നും റാങ്കിംഗ് റൗണ്ടിനിറങ്ങും. റാങ്കിംഗ് റൗണ്ടിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും പ്രധാന റൗണ്ടിൽ കളിക്കാരുടെ സീഡിംഗ്.

പ്രധാന ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ അമ്പ് ഇതുവരെ മെഡലിൽ കൊണ്ടിട്ടില്ല. ഇത്തവണ ഉന്നം തെറ്റില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യൻ സംഘം പാരീസിലെത്തിയത്. അമ്പെയ്ത്തിന്‍റെ എല്ലാ മത്സര വിഭാഗങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്. റാങ്കിംഗ് റൗണ്ടിൽ ധീരജ്‌ ബൊമ്മദേവര, തരുൺദീപ്‌ റായ്‌, പ്രവീൺ ജാദവ്‌ എന്നിവർ പുരുഷ വിഭാഗത്തിലും ഭജൻ കൗർ, ദീപികാ കുമാരി, അങ്കിത ഭഗത്‌ എന്നിവർ വനിതാ വിഭാഗത്തിലും മത്സരിക്കും.

വനിതാ ഫുട്ബോളില്‍ ഒളിഞ്ഞുനോട്ട വിവാദം; കനേഡിയന്‍ ടീമിനെതിരെ പരാതിയുമായി ന്യൂസിലന്‍ഡ്

റാങ്കിംഗ് പോരാട്ടങ്ങളില്‍ പങ്കെടുക്കുന്ന 128 കളിക്കാരും 72 അമ്പുകള്‍ വീതം ലക്ഷ്യത്തിലേക്ക് പായിക്കും. ഇതിലെ അവസാന സ്കോര്‍ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിക്കുക. ടീം സീഡിംഗ് താരങ്ങളുടെ ആകെ സ്കോര്‍ കൂട്ടി നിര്‍ണയിക്കും. ആദ്യ നാലിലെത്തുന്ന പുരുഷ-വനിതാ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. അഞ്ച് മുതല്‍ 12വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ പ്രീ ക്വാര്‍ട്ടറിലെത്തും.

ഹീറ്റ്സില്‍ ഓടിതോറ്റാലും ഇനി പുറത്താവില്ല; പാരീസ് ഒളിംപിക്സിൽ അത്‌ലറ്റിക്സ് മത്സരങ്ങളിലെ വലിയ മാറ്റം അറിയാം

യോഗ്യതാ ചാംപ്യൻഷിപ്പിൽ പരാജയപ്പെട്ടെങ്കിലും ലോക റാങ്കിങ് ക്വോട്ട തുണച്ചതോടെയാണ് ഇന്ത്യൻ സംഘം പാരിസിലേക്ക് ടിക്കറ്റുറപ്പിച്ചത്. തരുൺ ദീപിന്‍റെയും മുൻ ലോക ഒന്നാം നമ്പർ ദീപികാ കുമാരിയുടെയും നാലാം ഒളിംപിക്സാണിത്. ടീം ഇനങ്ങളിൽ 12 രാജ്യങ്ങളും മിക്സ്ഡ് ഇനത്തിൽ 5 ടീമുകളുമാണ് മത്സരിക്കുക.‌ അമ്പെയ്ത്ത് ലോക ചാംപ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ, ആദ്യമായി മെഡൽപ്പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ മികവുണ്ട് ഇന്ത്യക്ക്. ഇത്തിരി വട്ടത്തിലെ ആ ഒത്തിരി പ്രതീക്ഷകളിലേക്ക് അമ്പെയ്യാൻ നമ്മുടെ താരങ്ങൾക്കാകട്ടെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios