പാരിസ് ഒളിംപിക്‌സിൽ മറ്റൊരു ഇന്ത്യന്‍ വനിതാ വീരഗാഥ; മണിക ബത്രയ്ക്ക് ചരിത്ര നേട്ടം
പാരിസ് ഒളിംപിക്സിൽ അഭിമാന നേട്ടങ്ങൾ കൊയ്യുകയാണ് ഇന്ത്യൻ വനിതകൾ
പാരിസ്: പാരിസ് ഒളിംപിക്‌സിൽ ഇന്ത്യന്‍ വനിതകളുടെ കുതിപ്പ് തുടരുന്നു. ടേബിൾ ടെന്നീസിൽ പ്രീ ക്വാര്‍ട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം മണിക ബത്ര സ്വന്തം പേരിനൊപ്പമെഴുതിയതാണ് ഏറ്റവും പുതിയ നാഴികക്കല്ല്. വനിതകളിൽ മറ്റൊരു താരം ശ്രീജ അകുലയും പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയിലാണ്.
പാരിസ് ഒളിംപിക്സിൽ അഭിമാന നേട്ടങ്ങൾ കൊയ്യുകയാണ് ഇന്ത്യൻ വനിതകൾ. മണിക ബത്ര ടേബിൾ ടെന്നീസിൽ അവസാന പതിനാറിൽ ഇടം കണ്ടെത്തിയതാണ് ഏറ്റവും പുതിയ നേട്ടം. 1988ല്‍ ടേബിള്‍ ടെന്നീസ് ഒളിംപിക്സിൽ ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം പ്രീ ക്വര്‍ട്ടറിലെത്തുന്നത്. ഫ്രാൻസിന്‍റെ പ്രിഥിക പാവഡെയെ തോൽപ്പിച്ചാണ് മണികയുടെ മുന്നേറ്റം. മികച്ച സർവീസ് ഗെയിം ആണ് ഇന്ത്യൻ താരത്തിന്‍റെ ജയത്തിൽ നിർണായകമായത്. ഏഷ്യൻ കപ്പ് ടേബിള്‍ ടെന്നീസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം കൂടിയാണ് മണിക. വെങ്കല മെഡലായിരുന്നു അന്ന് മണിക ബത്രയുടെ നേട്ടം.
നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. മനു ഭാകര്‍ ഒളിംപിക്‌സിലെ നാലാം ദിനമായ ഇന്ന് രണ്ടാം മെഡല്‍ ലക്ഷ്യമിട്ട് ഇറങ്ങുന്നുണ്ട്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് 10 മീറ്റർ എയർ പിസ്റ്റല്‍ മിക്സ്ഡ് ടീമിനത്തില്‍ മനു ഭാകര്‍-സരഭ്ജോദ് സിങ് സഖ്യം കൊറിയന്‍ ജോഡിയെ നേരിടും. ഒളിംപിക്സ് ചരിത്രത്തിൽ ഒരു ഗെയിംസില്‍ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനു ഭാകർ മാറുമെന്ന പ്രതീക്ഷയിലാണ് രാജ്യം മത്സരത്തിലേക്ക് ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം