അമ്പോ ഹാട്രിക്; മൂന്നാം മാസവും വരിക്കാരില്‍ കുതിച്ച് ബിഎസ്എന്‍എല്‍; 79.7 ലക്ഷം വരിക്കാരെ നഷ്‌ടമായി ജിയോ

സെപ്റ്റംബര്‍ മാസം ജിയോയ്ക്ക് 79.7 ലക്ഷം വരിക്കാരെ നഷ്‌ടമായപ്പോള്‍ ബിഎസ്എന്‍എല്ലിന് 8.5 ലക്ഷം പുതിയ സബ്‌സ്‌ക്രൈബര്‍മാരെ ലഭിച്ചു 

 

 

BSNL gains 8 lakh subscribers in September 2024 but Jio Airtel Vi lost 10 million customers in September 2024

ദില്ലി: തുടര്‍ച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തില്‍ കുതിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 2024 സെപ്റ്റംബര്‍ മാസം 8 ലക്ഷം പുതിയ സബ്‌സ്‌ക്രൈബര്‍മാരെ ബിഎസ്എന്‍എല്ലിന് ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അതേസമയം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ (വിഐ) എന്നീ മൂന്ന് സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ക്കും സെപ്റ്റംബര്‍ മാസവും വരിക്കാതെ നഷ്‌ടമായി. 

തുടര്‍ച്ചയായ മൂന്നാം മാസത്തിലാണ് ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച ജൂലൈ മാസം മുതല്‍ ബിഎസ്എന്‍എല്‍ കുതിക്കുകയാണ്. ജൂലൈയില്‍ 29.4 ലക്ഷവും, ഓഗസ്റ്റില്‍ 25 ലക്ഷവും, സെപ്റ്റംബറില്‍ 8 ലക്ഷവും പുതിയ വരിക്കാതെ ബിഎസ്എന്‍എല്ലിന് ലഭിച്ചു. ഇതോടെ ബിഎസ്എന്‍എല്ലിന്‍റെ ആകെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 9 കോടി കടന്നു. മാര്‍ക്കറ്റ് ഷെയര്‍ 7.98 ശതമാനത്തിലേക്ക് ഉയര്‍ത്താനും ബിഎസ്എന്‍എല്ലിനായി. 

അതേസമയം സ്വകാര്യ കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവ നിരക്ക് വര്‍ധനയ്ക്ക് ശേഷം ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുന്നത് തുടരുകയാണ്. 25 ശതമാനം വരെ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് ജൂലൈ മാസം മുതല്‍ മൂന്ന് നെറ്റ്‌വര്‍ക്കുകള്‍ക്കും കിതപ്പ് നല്‍കിയത്. സെപ്റ്റംബര്‍ മാസം മാത്രം ഈ മൂന്ന് നെറ്റ്‌വര്‍ക്കുകളും കൂടി ആകെ 1 കോടി ഉപഭോക്താക്കളെ നഷ്‌ടപ്പെടുത്തി. സെപ്റ്റംബറില്‍ ഏറ്റവും തിരിച്ചടി നേരിട്ടത് 79.7 ലക്ഷം ഉപഭോക്താക്കളെ നഷ്‍ടമായ ജിയോയ്ക്കാണ്. എയര്‍ടെല്ലിനെ 14 ലക്ഷവും വിഐയെ 15 ലക്ഷവും ഉപഭോക്താക്കള്‍ സെപ്റ്റംബറില്‍ കയ്യൊഴിഞ്ഞു. 

ട്രായ്‌യുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ടെലികോം മേഖലയില്‍ ജിയോയ്ക്ക് 40.20 ശതമാനവും എയര്‍ടെല്ലിന് 33.24 ശതമാനവും വോഡാഫോണ്‍ ഐഡിയക്ക് 18.41 ശതമാനവും മാര്‍ക്കറ്റ് ഷെയറാണുള്ളത്. സെപ്റ്റംബര്‍ മാസം ഒരു കോടി 30 ലക്ഷത്തിലേറെ അപേക്ഷകളാണ് സിം പോര്‍ട്ട് ചെയ്യാനായി ലഭിച്ചതെന്നും ട്രായ്‌യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read more: 601 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് 5ജി; സ്‌പെഷ്യല്‍ ഓഫറുമായി ജിയോ, അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios