ക്യാപ്റ്റന്‍ ഡാ! ഹര്‍മന്‍പ്രീത് സിംഗ് വീണ്ടും ഹീറോ; അര്‍ജന്‍റീനക്കെതിരെ ഹോക്കിയില്‍ ഇന്ത്യക്ക് സമനില
ന്യൂസിലന്‍ഡിനെതിരെ 3-2ന് നേടിയ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം അര്‍ജന്‍റീനയെ നേരിടാനിറങ്ങിയത്
പാരിസ്: വീണ്ടും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഹീറോ, പാരിസ് ഒളിംപിക്‌സിലെ പുരുഷ ഹോക്കിയില്‍ അര്‍ജന്‍റീനക്കെതിരെ ഇന്ത്യന്‍ ടീമിന് നാടകീയ സമനില. പൂള്‍ ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ ശക്തരായ അര്‍ജന്‍റീനയോട് അവസാന മിനുറ്റുകളില്‍ ഇന്ത്യ ഹര്‍മന്‍പ്രീതിന്‍റെ ഗോളിലൂടെ 1-1ന്‍റെ സമനില കണ്ടെത്തുകയായിരുന്നു.
ശനിയാഴ്‌ച നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 3-2ന് നേടിയ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം അര്‍ജന്‍റീനയെ നേരിടാനിറങ്ങിയത്. ന്യൂസിലന്‍ഡിനോട് അവസാന മിനുറ്റുകളില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളിലായിരുന്നു ഇന്ത്യയുടെ വിജയം. അതേസമയം അര്‍ജന്‍റീനയാകട്ടെ എതിരില്ലാത്ത ഒരു ഗോളിന് ഓസ്ട്രേലിയയോട് തോറ്റ ശേഷമാണ് ഇന്ത്യക്കെതിരെ കളത്തിലെത്തിയത്. മാന്‍-ടു-മാന്‍ മാര്‍ക്കിംഗിന് പേരുകേട്ട കരുത്തരായ അര്‍ജന്‍റീനയ്ക്ക് എതിരായ മത്സരവും ഇന്ത്യന്‍ ടീമിന് കടുപ്പമായി. 22-ാം മിനുറ്റില്‍ ലൂക്കാസ് മാര്‍ട്ടിനസ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. ഇതോടെ സമ്മര്‍ദത്തിലായ ഇന്ത്യയെ ഗോള്‍ മടക്കാന്‍ അര്‍ജന്‍റീന പ്രതിരോധം ആദ്യ മൂന്ന് ക്വാര്‍ട്ടറുകളിലും അനുവദിച്ചില്ല.
അവസാന ക്വാര്‍ട്ടറിന്‍റെ അന്ത്യ മൂന്ന് മിനുറ്റുകളില്‍ തുടരെ തുടരെ കിട്ടിയ പെനാല്‍റ്റി കോര്‍ണറുകള്‍ ഇന്ത്യയുടെ രക്ഷക്കെത്തുകയായിരുന്നു. മത്സരം തീരാന്‍ രണ്ട് മിനുറ്റ് മാത്രം അവശേഷിക്കേ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഇന്ത്യക്ക് സമനില സമ്മാനിച്ച് ഒരിക്കല്‍ക്കൂടി ഹീറോയായി.
ആറ് ടീമുകളുള്ള ഒരു പൂളില്‍ നിന്ന് മികച്ച നാല് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുക. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്‍റുള്ള ഇന്ത്യ നിലവില്‍ മൂന്നാമതുണ്ട്. ഇത്ര തന്നെ കളികളില്‍ ആറ് പോയിന്‍റ് വീതവുമായി ബെല്‍ജിയം, ഓസ്ട്രേലിയ ടീമുകളാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ടോക്കിയോ 2020 ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം