ആറ് വര്‍ഷം മുമ്പ് ഭാഗികമായി ശരീരം തളര്‍ന്നു; വീല്‍ചെയറില്‍ നിന്ന് ഒളിംപിക്‌സിലേക്കെത്തിയ സുഖ്‌ജീത്ത് സിംഗ്!

പരസഹായമില്ലാതെ ഭക്ഷണം കഴിക്കാൻ പോലുമാകാതെ മുറിയിലേക്കൊതുങ്ങിയ ആറ് മാസമായിരുന്നു താരത്തിന്‍റെ പിന്നീടുള്ള ജീവിതം

From partial paralysis to Paris Olympic 2024 Indian mens hockey player Sukhjeet Singh incredible journey remembers Rishabh Pant

പാരിസ്: അപകടത്തെ അതിജീവിച്ച് ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് തിരിച്ചുവന്ന റിഷഭ് പന്തിനെ നമുക്കറിയാം. ഇന്ത്യൻ ഒളിംപിക് പുരുഷ ഹോക്കി ടീമിലുമുണ്ട് സമാനമായൊരു തിരിച്ചുവരവിന്‍റെ കഥ. തന്‍റെ കന്നി ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്ന സുഖ്‌ജീത്ത് സിംഗിനാണ് റിഷഭ് പന്തിനെ പോലെ അത്ഭുത തിരിച്ചുവരവിന്‍റെ കഥ പറയാനുള്ളത്. റിഷഭ് വെടിക്കെട്ടുമായി ബൗളര്‍മാരെ അടിച്ചുപറത്തുന്ന ബാറ്ററാണെങ്കില്‍ സുഖ്‌ജീത്ത് ഹോക്കിയില്‍ ഇന്ത്യന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന തീപ്പൊരി താരങ്ങളിലൊരാളാണ് എന്നതും സമാനതയാണ്.

ദേശീയ ടീമിലെത്താതെ പോയ അച്ഛൻ അജീത്ത് സിംഗിന്‍റെ സ്വപ്നങ്ങള്‍ പൂർത്തീകരിക്കാനായാണ് സുഖ്ജീത്ത് സിംഗ് ഹോക്കി സ്റ്റിക്കെടുത്തത്. എന്നാൽ 2018ല്‍ സീനിയർ കോർ ടീമിൽ എത്തിയതിന് പിന്നാലെ നടുവിനേറ്റ പരിക്ക് താരത്തിന്‍റെ സ്വപ്നങ്ങൾ തകർത്തു. പരസഹായമില്ലാതെ ഭക്ഷണം കഴിക്കാൻ പോലുമാകാതെ മുറിയിലേക്കൊതുങ്ങിയ ആറ് മാസമായിരുന്നു താരത്തിന്‍റെ പിന്നീടുള്ള ജീവിതം. എന്നാല്‍ വിദഗ്ധ ചികിത്സയും അച്ഛന്‍റെ പ്രോത്സാഹനവും ആയപ്പോള്‍ കളത്തിലേക്ക് തിരിച്ചുവരാമെന്ന് സുഖ്ജീത്തിന് പ്രതീക്ഷയായി. 2022ൽ സ്പെയിനെതിരെ ഗോളോടെ വരവറിയിച്ച സുഖ്‌ജീത്ത് പാരിസ് ഒളിംപിക്സാകുമ്പോഴേക്കും എതിർഗോൾമുഖത്ത് ഇന്ത്യയുടെ വജ്രായുധമായി മാറുന്നതാണ് പിന്നീട് ഇന്ത്യന്‍ കായികരംഗം കണ്ടത്. 

Read more: വീണ്ടും അഭിമാനമാകാന്‍ മനു ഭാകര്‍, ഹോക്കിയിൽ ജീവന്‍മരണ പോരാട്ടം; ഒളിംപിക്‌സില്‍ നാലാം ദിനം വാനോളം പ്രതീക്ഷകള്‍

ക്രിക്കറ്റര്‍ റിഷഭ് പന്തിനെ പോലെ ചാമ്പ്യന്‍റെ മെഡലുമായി സുഖ്‌ജീത്ത് സിംഗും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യം. 2022 ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തിലാണ് റിഷഭ് പന്തിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റത്. പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കാല്‍മുട്ടില്‍ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷം തുടര്‍ ചികില്‍സകളോടും മല്ലിട്ട് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ റിഷഭ് 2024ലെ ടി20 ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമില്‍ അംഗമായി തിരിച്ചുവരവ് അവിസ്‌മരണീയമാക്കിയിരുന്നു. 

Read more: പാരിസ് ഒളിംപിക്‌സിൽ മറ്റൊരു ഇന്ത്യന്‍ വനിതാ വീരഗാഥ; മണിക ബത്രയ്ക്ക് ചരിത്ര നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios