പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് സാങ്കേതിക പ്രശ്നം മാത്രം; ബി ഗോപാലകൃഷ്ണൻ
പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്വം വൈകുന്നതിന് പിന്നിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ ന്യൂസ് അവറിൽ പറഞ്ഞു.
തിരുവനന്തപുരം: പത്തനംതിട്ട സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് യാതൊരു വിധ അനിശ്ചിതത്വവുമില്ലെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിൽ. ഓരോ മണ്ഡലത്തിൽ നിന്നും രണ്ട് വീതം സ്ഥാനാർത്ഥികളുടെ പട്ടികയാണ് കൈമാറാറുള്ളതെന്നും ഇതിൽ അസ്വഭാവികതയൊന്നുമില്ലെന്നുമാണ് ഗോപാലകൃഷ്ണന്‍റെ വാദം.
കേന്ദ്രത്തിന് കൈമാറുന്ന രണ്ട് പേരുടെ പട്ടികയിൽ നിന്ന് കേന്ദ്രമാണ് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്. തീരുമാനമെടുക്കാൻ കേന്ദ്രത്തിന് പ്രത്യേക മാനദണ്ഡങ്ങളുണ്ടെന്നും ഗോപാലകൃഷ്ണൻ ന്യൂസ് അവറിൽ പറഞ്ഞു. ഇത് സാധാരണ പാർട്ടിയല്ലെന്നും ബിജെപിക്ക് ഒരാളെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും പറഞ്ഞ ഗോപാലകൃഷ്ണൻ സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും പ്രശ്നം പരിഹരിച്ചാൽ ഉടൻ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.