വളര്‍ത്തു പട്ടിയുടെ വെടിയേറ്റു; യുവതി ആശുപത്രിയില്‍
രക്തം ധാരാളം നഷ്ടപ്പെട്ടെങ്കിലും ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വളര്‍ത്തുനായയെ പിന്നീട് ഉടമയോടൊപ്പം വിട്ടയച്ചു.
ഒക്‍ലഹോമ: കാറില്‍ യാത്ര ചെയ്യുന്നതിനിടെ വളര്‍ത്തുപട്ടിയുടെ വെടിയേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിന സ്പ്രിംഗര്‍ (44) എന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം കാര്‍ യാത്രക്കിടെ അബദ്ധത്തില്‍ വെടിയേറ്റത്. അമേരിക്കയിലെ ഒക്‍ലഹോമയിലാണ് അപൂര്‍വ സംഭവം നടന്നത്. ടിന സ്പ്രിംഗറും 79കാരനായ ബ്രെന്‍റ് പാര്‍ക്സും അദ്ദേഹത്തിന്‍റെ വളര്‍ത്തുനായയും കാറില്‍ സഞ്ചരിക്കുകയായിരുന്നു.
ടിനയുടെയും ബ്രെന്‍റിന്‍റെയും നടുക്ക് ഫുള്‍ ലോഡാക്കി വെച്ച .22 കാലിബര്‍ തോക്ക് വച്ചിരുന്നു. റെയില്‍വേ ക്രോസില്‍ ട്രെയിന്‍ പോകാനായി കാര്‍ നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായത്. ലബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഏഴുമാസം പ്രായമുള്ള വളര്‍ത്തുനായ അപ്രതീക്ഷിതമായി കാറിന്‍റെ മുന്‍ സീറ്റിലേക്ക് ചാടി. വളര്‍ത്തുനായ മുന്നിലേക്ക് ചാടിയപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന ടിനക്കാണ് വെടിയേറ്റത്. കാലിനാണ് വെടിയേറ്റത്. രക്തം ധാരാളം നഷ്ടപ്പെട്ടെങ്കിലും ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
വളര്‍ത്തുനായയെ പിന്നീട് ഉടമയോടൊപ്പം വിട്ടയച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അപകടമാണ് സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു. ബ്രെന്‍റ് പാര്‍ക്സ് അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രെയിന്‍ കടന്നുപോയപ്പോള്‍ ശബ്ദം കേട്ടാണ് നായ പരിഭ്രാന്തിയിലായത്.