സീബ്ര ക്രോസിങില്‍ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറെ 'കൈകാര്യം' ചെയ്ത് കൊച്ചുബാലന്‍; വൈറലായി വീഡിയോ
സീബ്ര ക്രോസിങിലൂടെ ആളുകള്‍ നടന്ന് പോവുന്നത് കണ്ടിട്ടും കാര്‍ മുന്നോട്ട് വരുന്നതും, ഒരു അമ്മയേയും കുഞ്ഞിനേയും ഇടിച്ചിടുന്നതിന്‍റേയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. എന്നാല്‍ നിലത്ത് വീണ ശേഷമുള്ള കുഞ്ഞിന്‍റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങള്‍ കയ്യടിച്ച് സ്വീകരിച്ചിരിക്കുന്നത്
ചോങ്ഗിങ് (ചൈന): സീബ്ര ക്രോസിങിലൂടെ നടന്ന് പോവുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിച്ച് ബാലന്‍. ചൈനയിലെ ഡാഡകോവ് ജില്ലയിലെ ചോങ്ഗിങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഡിസംബര്‍ നാലിന് നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അഞ്ച് വയസോളം പ്രായം വരുന്ന ബാലനെ തിരയുകയാണ് സമൂഹമാധ്യമങ്ങള്‍.
സീബ്ര ക്രോസിങിലൂടെ ആളുകള്‍ നടന്ന് പോവുന്നത് കണ്ടിട്ടും കാര്‍ മുന്നോട്ട് വരുന്നതും, ഒരു അമ്മയേയും കുഞ്ഞിനേയും ഇടിച്ചിടുന്നതിന്‍റേയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.
എന്നാല്‍ നിലത്ത് വീണ ശേഷമുള്ള കുഞ്ഞിന്‍റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങള്‍ കയ്യടിച്ച് സ്വീകരിച്ചിരിക്കുന്നത്. നിലത്ത് വീണ അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ കുട്ടി ശ്രമിക്കുന്നു.
അമ്മ റോഡില്‍ ഇരുന്നതോടെ കുട്ടി കാറിനടുത്തേക്ക് ഓടിയെത്തുന്നു. തന്‍റെ ഉയരത്തിന് എത്താവുന്ന കാറിന്‍റെ ബംപറില്‍ ആഞ്ഞൊരു ചവിട്ട്.
പിന്നീട് ഡ്രൈവറുടെ നേരെയെത്തുന്നു. കാര്‍ തുറക്കുന്ന ഡ്രൈവറോട് ചൂടായ ശേഷം നിലത്തുവീണ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി എഴുന്നേല്‍പ്പിക്കാന്‍ വീണ്ടും ശ്രമിക്കുന്നു.
ആളുകള്‍ ഓടിക്കൂടി ഇടിച്ചിട്ട വാഹനത്തില്‍ തന്നെ അമ്മയേയും കുഞ്ഞിനേയും കയറ്റുന്നത് വരെയുള്ള ദൃശ്യങ്ങളാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഗുരുതര പരിക്കല്ല ഏറ്റിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം കാറിന്‍റെ ഡ്രൈവര്‍ക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്തായാലും അമ്മയെ ഇടിച്ച് വീഴ്ത്തിയ ആളോട് കട്ടയ്ക്ക് നിന്ന് പ്രതികരിക്കുന്ന കുഞ്ഞിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍.