ചൂണ്ടയില്‍ കുടുങ്ങി 'വിചിത്ര മത്സ്യം'; വൈറലായി ചിത്രങ്ങള്‍
ദിനോസര്‍ പോലെയുള്ള മത്സ്യമെന്നാണ് പത്തൊമ്പതുകാരന്‍ ഓസ്കര്‍ ലുന്‍ഡാല്‍ ചൂണ്ടയില്‍ കുടുങ്ങിയ മീനിനെക്കുറിച്ച് പറയുന്നത്. നീളന്‍ വാലും വലിയ തലയും തുറിച്ച കണ്ണുകളുമായി കണ്ടാല്‍ ഒരു ദിനോസറിനോട് സമാനമാണ് മീനിന്‍റെ രൂപം.
നോര്‍വേ: ഒഴിവ് ദിനം മീന്‍ പിടിക്കാനിറങ്ങിയ പത്തൊമ്പതുകാരന്‍റെ ചൂണ്ടയില്‍ കുടുങ്ങിയത് വിചിത്ര മത്സ്യം. ദിനോസര്‍ പോലെയുള്ള മത്സ്യമെന്നാണ് പത്തൊമ്പതുകാരന്‍ ഓസ്കര്‍ ലുന്‍ഡാല്‍ ചൂണ്ടയില്‍ കുടുങ്ങിയ മീനിനെക്കുറിച്ച് പറയുന്നത്. നീളന്‍ വാലും വലിയ തലയും തുറിച്ച കണ്ണുകളുമായി കണ്ടാല്‍ ഒരു ദിനോസറിനോട് സമാനമാണ് മീനിന്‍റെ രൂപം.
നോര്‍വേ തീരത്താണ് സംഭവം. നോര്‍ഡിക് സീ ആംഗിളിങ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഓസ്കാര്‍. അന്‍ഡോയ ദ്വീപിന് സമീപത്ത് നിന്നാണ് യുവാവിന് വിചിത്ര മത്സ്യത്തെ ലഭിച്ചത്. വിചിത്ര മത്സ്യത്തോടൊപ്പമുള്ള യുവാവിന്‍റെ ചിത്രം കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്.
എന്നാല്‍ റാറ്റ് ഫിഷ് വിഭാഗത്തില്‍പ്പെടുന്ന മത്സ്യമാണ് ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്രാവിനോട് സാദൃശ്യമുള്ള ഈ മത്സ്യം പസഫിക് സമുദ്രത്തിലാണ് സാധാരണ ഗതിയില്‍ കാണപ്പെടുന്നത്. സമുദ്രാന്തര്‍ഭാഗത്ത് കാണപ്പെടുന്ന ഇവയെ സാധാരണ ഗതിയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് ലഭിക്കാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സമുദ്രാന്തര്‍ഭാഗത്തെ കാഴ്ചയ്ക്ക് വേണ്ടിയാണ് ഇവയുടെ കണ്ണുകള്‍ മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ച് വലുതാണെന്നും വിദഗ്ധര്‍ പറയുന്നു.