സിബിഐ കേസ് ഇന്ന് സുപ്രീംകോടതിയിൽ; നാഗേശ്വര്‍ റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കും
സിബിഐ താൽകാലിക ഡയറക്ടർ എം. നാഗേശ്വർ റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചട്ടങ്ങൾ പാലിക്കാതെയാണ് നാഗേശ്വർ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്.
ദില്ലി: സിബിഐ താൽകാലിക ഡയറക്ടർ എം. നാഗേശ്വർ റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചട്ടങ്ങൾ പാലിക്കാതെയാണ് നാഗേശ്വർ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്.
ഇടക്കാല ഡയറക്ടറെ നിയമിക്കാൻ സർക്കാരിനാകില്ല. നിയമനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സെലക്ഷൻ സമിതിയാണെന്നാണ് പ്രശാന്ത് ഭൂഷന്റെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
നേരത്തെസിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹർജി അടിയന്തരമായി കേൾക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഉന്നതാധികാര സമിതി അറിയാതെയാണ് നാഗേശ്വരറാവുവിന്‍റെ നിയമനമെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്.
പ്രധാനമന്ത്രിയുടെ വീട്ടിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വർമ്മയെ മാറ്റി ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്.
സുപ്രിംകോടതി വിധിയുടെ ബലത്തില്‍ വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലായിരുന്നു അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയും ചീഫ്ജസ്റ്റിസിന്‍റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചപ്പോൾ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ തീരുമാനത്തോട് വിയോജിച്ചിരുന്നു.