ആദ്യ സ്വകാര്യ ബഹിരാകാശ വിമാനയാത്ര പ്രഖ്യാപനവുമായി നാസ; യാത്രികരില്‍ സുനിത വില്യംസും
സുനിത വില്യംസ് ഉള്‍പ്പെടെ ബഹിരാകാശയാത്രയില്‍ പരിചയസമ്പന്നരായ ഒമ്പത് യാത്രികരെയാണ് ആദ്യ സ്വകാര്യ ബഹിരാകാശ വിമാന യാത്രയ്‌ക്കായി നാസ തിരഞ്ഞെടുത്തിരിക്കുന്നത്.
ഹൂസ്റ്റണ്‍: ആദ്യ സ്വകാര്യ ബഹിരാകാശ വിമാനയാത്രയ്‌ക്ക് ഒരുങ്ങി ബഹിരാകാശ ശാസ്ത്രജ്ഞയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ്. സ്വകാര്യവിമാന കമ്പനികളായ ബോയിങ്, സ്‌പേസ് എക്‌സ് എന്നിവർ ചേർന്ന് നിര്‍മിക്കുന്ന ബഹിരാകാശ വിമാനത്തിലാണ് യാത്ര. സുനിത വില്യംസ് ഉള്‍പ്പെടെ ബഹിരാകാശയാത്രയില്‍ പരിചയസമ്പന്നരായ ഒമ്പത് യാത്രികരെയാണ് ആദ്യ സ്വകാര്യ ബഹിരാകാശ വിമാന യാത്രയ്‌ക്കായി നാസ തിരഞ്ഞെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് നാസ ഇക്കാര്യം പുറത്തുവിട്ടത്. 2011ല്‍ നാസയുടെ ബഹിരാകാശ പേടകം ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ അമേരിക്കന്‍ സംഘത്തിലെ അംഗം കൂടിയാണ് സുനിത വില്യംസ്. 2011ന് ശേഷം നടക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്ര അമേരിക്കയില്‍ നിന്ന് തന്നെയാണെന്ന വാര്‍ത്തയുടെ സ്ഥിരീകരണം കൂടിയായിരുന്നു പുതിയ ഉദ്യമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍.
പൂര്‍ണമായും മനുഷ്യനിയന്ത്രണത്തിലുള്ള വിമാനങ്ങളിലായിരിക്കും യാത്ര. ദൗത്യത്തില്‍ പങ്കെടുക്കുന്നവരോ അല്ലെങ്കില്‍ നിയോഗിക്കപ്പെട്ട മറ്റ് ശാസ്ത്രജ്ഞന്മാരോ ആയിരിക്കും വിമാനങ്ങൾ നിയന്ത്രിക്കുക. പുതിയ ബഹിരാകാശയാത്രാസംഘം പുറപ്പെടുന്നതിന് മുമ്പ് നാലുപേരടങ്ങുന്ന മറ്റൊരു സംഘം ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം സജ്ജമാക്കുന്നതിനായി പുറപ്പെടുമെന്നും നാസ വ്യക്തമാക്കി. ബോയിങ് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍, സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍സ് എന്നീ ബഹിരാകാശ വിമാനങ്ങള്‍ 2019 ല്‍ യാത്ര തിരിക്കാന്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണെന്നും നാസ അറിയിച്ചു.