സ്ത്രീയെ ചവിട്ടി വീഴ്ത്തിയ യുവാവിന് 50 ലക്ഷത്തിന്‍റെ പണി
- പ്രാങ്ക് വീഡിയോയ്ക്ക് വേണ്ടി സ്ത്രീയെ ചവുട്ടി വീഴ്ത്തിയ യുവാവിന് 50 ലക്ഷത്തിന്‍റെ പണി
ബാഴ്‌സലോണ: പ്രാങ്ക് വീഡിയോയ്ക്ക് വേണ്ടി സ്ത്രീയെ ചവുട്ടി വീഴ്ത്തിയ യുവാവിന് 50 ലക്ഷത്തിന്‍റെ പണി. മരിയോ ഗാര്‍ഷ്യ എന്ന സ്പാനീഷ് പ്രാങ്ക് വീഡിയോ പ്രോഡ്യൂസറാണ് റോഡരികില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന 48കാരിയായ സ്ത്രീയെ ചവിട്ടി വീഴ്ത്തിയത്. വീഴ്ചയില്‍ സ്ത്രീയ്ക്ക് ചെറിയ പരിക്ക് പറ്റി.
സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ഡയഗണല്‍ മാര്‍ പ്രദേശത്താണ് സംഭവം. വീഴ്ച കണ്ട് ചിരിച്ച പ്രാങ്ക് വീഡിയോ അണിയറക്കാരെ സ്ത്രീ ചീത്ത വിളിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.പരാതിയില്‍ കേസെടുത്ത പൊലീസ് ഇയാളെ പിടികൂടാന്‍ സഹായിക്കുക എന്ന കുറിപ്പോടെ വീഡിയോ പോസ്റ്റ് ചെയ്തു. സംഭവം പ്രചരിച്ചതോടെ ഗാര്‍ഷ്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കേസ് കോടതിയിലുമെത്തി.
നഷ്ടപരിഹാരമായി 45,000 യൂറോ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നഷ്ടപരിഹാരമായി സ്ത്രീയ്ക്ക് ഇയാള്‍ 60,000 യൂറോ നല്‍കാമെന്ന് സമ്മതിച്ചു. തന്‍റെ എഴുപത്തിയഞ്ച് ദിവസത്തെ ജോലി ചവിട്ടുമൂലം നഷ്ടമായി എന്ന് യുവതി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.