ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി
അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ബാല ഭാസ്ക്കറിന്‍റെ അച്ഛന്‍ സി കെ ഉണ്ണി നൽകിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്.
തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ബാല ഭാസ്ക്കറിന്‍റെ അച്ഛന്‍ സി കെ ഉണ്ണി നൽകിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ബാലഭാസ്കറിന്‍റെ അച്ഛൻ പരാതിയിൽ ആവശ്യപ്പെട്ടത്. ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ല എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്‍റെ നിഗമനം.
ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസിന്‍റെ കണ്ടെത്തൽ ശരിയല്ലെന്ന് അദ്ദേഹത്തിന്‍റെ അച്ഛൻ ആരോപിച്ചിരുന്നു. മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാലഭാസ്കറിന്‍റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണെന്നും മകന്‍റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടത്തിൽ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നുമാണ് സി കെ ഉണ്ണിയുടെ ആരോപണം.