കത്തോലിക്ക സഭയ്ക്കുള്ളിലെ തെറ്റുകള്‍ എണ്ണിപ്പറഞ്ഞ് വൈദികന്‍

  • വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് നീങ്ങുന്ന കത്തോലിക്ക സഭയ്ക്കുള്ളിലെ തെറ്റുകള്‍ എണ്ണിപ്പറയുന്ന വൈദികന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു
catholic father viral fb post on degradation in kerala catholic church

കോട്ടയം: നിരന്തരം വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് നീങ്ങുന്ന കത്തോലിക്ക സഭയ്ക്കുള്ളിലെ തെറ്റുകള്‍ എണ്ണിപ്പറയുന്ന വൈദികന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കുറച്ചുകാലമായി സഭയെ ആകെ വിഴുങ്ങിയിരിക്കുന്ന ചില ആഡംബരങ്ങളെയും താല്‍പര്യങ്ങളെയുമാണ് അദ്ദേഹം അക്കമിട്ട് നിരത്തുന്നത്. ഇതിന്‍റെ പേരില്‍ നടക്കുന്ന ധൂര്‍ത്തും അതിന് വിശ്വാസികള്‍ വഹിക്കുന്ന ഭാരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളിലേക്കാണ് ഫാ. ക്ലീറ്റസ് കാരക്കാടന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കേരളകത്തോലിക്കാസഭയെ ബാധിച്ചിരിക്കുന്ന ചില ഭ്രമങ്ങൾ- ഒരു തുറന്നെഴുത്ത്..!
എന്റെ പിഴ, എന്റെ പിഴ.....
*പള്ളിഭ്രമം:
ദൈവജനത്തിന്‌ പ്രാർത്ഥനയ്ക്കായ്‌ ഒരുമിച്ചുകൂടുവാൻ ദേവാലയങ്ങൾ ആവശ്യമാണ്‌. അംബരചുംബികളും അതിവർണ്ണാഭവുമായ രാജകൊട്ടാരങ്ങൾ ആവശ്യമില്ല.അത്യാവശ്യം ഉറപ്പുള്ളതും മനോഹരവും ആവശ്യത്തിനു വലിപ്പമുള്ളതും തങ്ങളുടെ കൊക്കിൽ ഒതുങ്ങുന്നതുമായ ദേവാലയങ്ങൾ ആവശ്യമുള്ളിടത്തൊക്കെ നിർമ്മിക്കുവാൻ ദൈവജനങ്ങൾ തങ്ങളുടെ ഇല്ലായ്മയിൽ നിന്നും പണ്ടുമുതലെ സന്തോഷത്തോടെ കൊടുക്കാറുണ്ട്‌. പക്ഷെ ഇന്ന് അതല്ല പള്ളി പണിക്ക്‌ താൽപ്പര്യം കാണിച്ച വൈദീകന്റെ സാമാന്യ ബോധമില്ലാത്ത ചിലതീരുമാനങ്ങൾ കാരണം ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങളാണ്‌ ഇടവകകളിലുള്ളത്‌. കൊടുത്ത്‌ കൊടുത്ത്‌ ജനം അവശരായിട്ടും നിർമ്മാണം എങ്ങുമെത്താതെ കിടക്കുന്ന പള്ളികൾ കേരളത്തിലെ എല്ലാരൂപതകളിലുമുണ്ടാകും.
ഒരുസാധാരണ പ്രദേശത്തെ സാധാരണ ജനങ്ങൾക്കുവേണ്ടി തങ്ങൾക്കുള്ള സാമ്പത്തീകസ്രോതസിലുള്ള ഒരു ദേവാലയം നിർമ്മിക്കുന്നതിനുപകരം നവോത്ഥാനകാലഘട്ടത്തിൽ ഇറ്റലിയിലും റോമിലുമൊക്കെയുണ്ടായ അതെ ശിൽപചാതുരിയിലും മറ്റും അതിബ്രുഹത്തായ ദേവാലയങ്ങൾ ഉണ്ടാക്കാനുള്ള ആഗ്രഹം നല്ലതായിരിക്കാം പക്ഷെ പണം തരാനുള്ള ജനത്തിന്റെ അവസ്ഥയും കൂടെ കണക്കിലെടുക്കണം.

*കൊടിമരഭ്രമം:
എല്ലാ കത്തോലിക്കാ ദേവാലയങ്ങളുടേയും മുറ്റത്ത്‌ ഏതെങ്കിലുമൊരുവശത്ത്‌ സൗകര്യപ്രദമായി സ്റ്റീലിലും മറ്റും നിർമ്മിച്ച ഒരു സാധാരണകൊടിമരം വളരെ ലാളിത്യമാർന്ന ഒരു കാഴ്ചയായിരുന്നു. കൊല്ലത്തിൽ ഒന്നോ രണ്ടോ തവണമാത്രം നടക്കുന്ന തിരുനാളുകളുടെ കൊടി ആശിർവ്വദിച്ചുകയറ്റാനുള്ളതാണിത്‌. അതല്ലാതെ ഒരു ഉപയോഗവും ഇതുകൊണ്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിർമ്മാണപ്രവർത്തനങ്ങൾ നോക്കിമാത്രം നടക്കുന്ന വൈദീകരുടെ കട്ടാമ്പാരയ്ക്ക്‌ ഇരയാവുകയാണ്‌ ഈ എലുമ്പിച്ച കൊടിമരങ്ങൾ. എന്നിട്ട്‌ ദേവാലയമുറ്റത്തുതന്നെ ഭീമാകാരങ്ങളായ ചെമ്പുപൂശിയ കൊടിമരങ്ങൾ ലക്ഷങ്ങൾ പിരിവെടുത്തും / സ്പോൺസർ ചെയ്യിപ്പിച്ചും കെട്ടിയുയർത്തുകയാണ്‌. നൂറുപേർക്ക്‌ നിവർന്നുനിൽക്കാൻ ഇടമില്ലാത്ത ദേവാലയമുറ്റത്തുപോലും കാണാം വലിയ ക്ഷേത്രങ്ങളുടെ മുറ്റത്ത്‌ മാത്രം കണ്ടിരുന്ന ഈ "സ്വർണ്ണ കൊടിമരങ്ങൾ". ചുരുക്കം ചിലയിടങ്ങളിൽ വൈദീകർ മാറി മാറി വരുന്നതനുസരിച്ച്‌ ഈ ചെമ്പുചുറ്റിയ കൊടിമരങ്ങൾ ഉയർന്നുവലുതായിക്കൊണ്ടിരിക്കും.മിക്കയിടങ്ങളിലും ഇടവക ജനത്തിന്റെ താൽപ്പര്യം ആരായാതെയാണ്‌ ഈ കൊടിമരനിർമ്മാണം. ഏറ്റവും പ്രധാനപ്പെട്ടത്‌ കത്തോലിക്കാസഭയുടെ കേന്ദ്രമായ വത്തിക്കാനിലും അതുപോലെ റോമിലും ഇറ്റലിയിലും വിദേശരാജ്യങ്ങളിലെങ്ങും പള്ളിമുറ്റത്ത്‌ കൊടിമരങ്ങളില്ല എന്നതാണ്‌.

*കല്ലുപാകൽ ഭ്രമം:
എത്ര സുന്ദരമായിരുന്നു നമ്മുടെ ദേവാലയമുറ്റങ്ങൾ! ആ മണ്ണിൽ കാലൂന്നി നടന്ന് ദേവാലയത്തിലെത്തുന്നതും വേദപാഠക്ലാസിനുശേഷം അവിടെ കൂട്ടുകാരുമായി ഓടി നടക്കുന്നതുമൊക്കെ ഈ തലമുറയുടെ നഷ്ടമാണ്‌. ഇന്ന്
ഇടവകകൾ തോറും വർദ്ധിച്ചുവരുന്ന മറ്റൊരു ഭ്രമമാണ്‌ പള്ളിമുറ്റത്തു കഴിയുമെങ്കിൽ ഒരിഞ്ച്‌ സ്ഥലം പോലും ബാക്കിയിടാതെ ചെയുന്ന തറയോട്‌ പാകുന്ന രീതി. ചില സ്ഥലങ്ങളിൽ ഒരുപക്ഷെ അത്‌ കുറച്ചൊക്കെ ആവശ്യമായേക്കാം എന്നാൽ ഇന്ന് ഒരാവശ്യവുമില്ലാതെ പള്ളി മുറ്റത്തുമുഴുവനുംഇങ്ങനെ കല്ലുവിരിക്കുന്നത്‌ എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ലക്ഷങ്ങൾ മുടക്കിയിടുന്ന ഇതെല്ലാം ശരിയായ പരിപാലനയില്ലാത്തതുമൂലം മണ്ണിനടിയിൽ മൂടപ്പെട്ടിട്ട്‌ അതിന്റെ പുറമെ വീണ്ടും പുതിയവ ഇടുന്നതും പാവം ജനങ്ങൾ ചിലപ്പോൾ നോക്കി നിൽക്കേണ്ടി വന്നേക്കാം.

*ഗ്രോട്ടോഭ്രമം:
ലൂർദ്ദിലേയും ഫാത്തിമയിലേയും മാതാവ്‌ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലെ ഗ്രോട്ടോകൾ വളരെ പ്രശസ്തമാണ്‌. അതിന്റെ മാത്രുകയിൽ മാതാവിന്റെ നാമത്തിലുള്ള ദേവാലയങ്ങളിലും തീർത്ഥാടനകേന്ദ്രങ്ങളിലുമൊക്കെ ഗ്രോട്ടോകൾ നിർമ്മിക്കുന്ന രീതികൾ സഭയിൽ പലയിടത്തുമുണ്ട്‌. കേരളത്തിൽ അതല്ല ഏതുവിശുദ്ധന്റെ പേരിലാണുപള്ളി സ്ഥാപിതമായത്‌ അതൊന്നും ഒരു പ്രശ്നവുമല്ല. ഗ്രോട്ടോ പണിയണമെന്ന് അച്ചനു വിചാരം കേറിയാൽ അതു പണിതെ അടങ്ങു.അതു ചെറുതൊന്നുമല്ല. ഇടവകക്കാർക്ക്‌ വിശുദ്ധവാരം പോലുള്ള തിരക്കുപിടിച്ച ദിവസങ്ങളിൽ മുറ്റത്ത്‌ സ്വസ്ഥമായിട്ട്‌ നിൽക്കുവാൻ സ്ഥലമില്ലാത്ത ദേവാലയമുറ്റത്തും കാണാം വലിയൊരു ഗ്രോട്ടോ. അതിൽ മാതാവ്‌ മാത്രമല്ല പറ്റുമെങ്കിൽ സകല വിശുദ്ധരുടേയും രൂപങ്ങൾ സ്ഥാപിക്കും.

* കമാനഭ്രമം:
മുൻപ്‌ പല ദേവാലയങ്ങളും ഇങ്ങനെ തുറന്നസ്ഥലത്ത്‌ തലയുയർത്തി നിൽക്കുന്ന രീതിയായിരുന്നു. അന്നെല്ലാം വൈകുന്നേരങ്ങളിൽ ഇടവകയിലെ ചെറുപ്പക്കാരും മുതിർന്നവരും ജോലിയൊക്കെ കഴിഞ്ഞുവന്ന് പള്ളിമുറ്റത്ത്‌ അൽപ്പനേരം സുഹ്രുത്തുക്കളുമായി സംസാരിച്ച്‌ ഇരിക്കുന്ന പതിവുണ്ടായിരുന്നു .ഇന്നതൊക്കെ മാറി. മതിലുകൾകെട്ടിപള്ളികളെ അതിനുള്ളിലാക്കി ഇടവകക്കാരെ അകറ്റിനിർത്തുന്ന രീതി ഇപ്പോൾ കൂടുതലാണ്‌. മതിലുമാത്രമല്ല , മതിലിനുമുന്നിൽ രാജകീയരീതിയിൽ കോൺക്രീറ്റ്‌ കമാനങ്ങളുയർത്തി, കുറച്ച്‌ പ്രശസ്തിയുള്ള വിശുദ്ധരുടെ രൂപങ്ങളും നേർച്ചപ്പെട്ടികളും അതിനുതാഴെ വെണ്ണക്കല്ലിൽ അച്ചന്റെ പേരും കൊത്തിവെക്കും. ഇതുപോലുള്ള സൗന്ദര്യവർദ്ധനത്തിന്റെ പേരിൽ കോൺക്രീറ്റിൽ വൈക്രുതങ്ങൾ കെട്ടിയുണ്ടാക്കി നശിപ്പിച്ച പള്ളിമുറ്റങ്ങളുമുണ്ട്‌.(പണം ഇടവകക്കാരുടേതാണ്‌,അച്ചന്റെ പേരും)

*നേർച്ചഭ്രമം
സാധാരണയായുണ്ടായിരുന്ന കുറെ നേർച്ചാരീതികൾക്ക്‌ പുറമെ പുതിയനേർച്ചരീതികൾ വിശ്വാസികളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ചിലയിടങ്ങളിലൊക്കെ തുടങ്ങി...
തുലാഭാരം വരെയായി ആരെങ്കിലും ഗരുഡൻ തൂക്കം കൂടെ തുടങ്ങിയാൽ ഉഷാറായേനെ....

*പൊളിച്ചുപണിയൽ ഭ്രമം:
ഈ അടുത്തകാലത്തായിട്ട്‌ കാണുന്ന മറ്റൊരു പ്രവണത ഒരുപുതിയപള്ളിയിലേക്ക്‌ സ്ഥലം മാറിവരുന്ന ഒരു വികാരിയച്ചൻ ആദ്യം നോക്കുന്നത്‌ പൊളിച്ചുപണിയുവാനുള്ള സാദ്ധ്യത എവിടെയൊക്കെയുണ്ട്‌ എന്നാണ്‌.
പോയ വികാരി പൊളിച്ചു കെട്ടിയതായിരിക്കും ചിലപ്പോൾ ഈ വികാരി വീണ്ടും പൊളിക്കുന്നത്‌. ചിലയാളുകൾ ആവശ്യമില്ലാതെ പൊളിച്ചും കെട്ടിയും തുറസായിക്കിടന്ന വിശാലമായ പള്ളിമുറ്റമൊക്കെ നശിപ്പിക്കും.
ഇടവകയിലെ ആളുകളെ സന്ദർശിക്കുകയോ അവരുടെ കാര്യങ്ങളറിയുകയോ ചെയുന്നതൊന്നും പ്രാധാന്യമില്ലാത്ത കാര്യങ്ങളായി ഇന്നു മാറിക്കഴിഞ്ഞു.
വന്ന് ഒരുമാസം കഴിയും മുന്നെ പൊളിച്ചുപണി അജൻഡ അവതരിപ്പിച്ച്‌ പിരിവു തുടങ്ങും.പിന്നെ പൊളിച്ചുപണിതുടങ്ങും. നിലവിലുള്ള സാങ്‌ക്ച്വറി( ബലിയർപ്പിക്കുന്ന സ്ഥലം) അതാണു പലരും കണ്ണുവെക്കുന്ന ആദ്യസ്ഥലം. കോടികൾ മുടക്കി നിർമ്മിച്ചിട്ട്‌ പത്തുവർഷം പോലും തികയാത്ത പള്ളികളിലും ഇങ്ങനെ പൊളിച്ചുപണിചെയുന്നു എന്നതാണ്‌ ദു:ഖകരം.
( ആവശ്യമുള്ള പള്ളികളിൽ ചെയുന്നതിനു ആരും എതിരല്ല)

* പെരുന്നാൾ ഭ്രമം:
പള്ളിപ്പെരുന്നാളിനു ഒരു സോഷ്യൽ ആസ്പെക്റ്റുണ്ട്‌ , എന്നാലും പള്ളിപ്പെരുന്നാൾ പള്ളിപ്പെരുന്നാൾ തന്നെയാണ്‌. പെരുന്നാൾ ധൂർത്തിനെക്കുറിച്ച്‌ സർക്കുലറുകൾ ഒരുപാട്‌ ഇറങ്ങുന്നുണ്ടെങ്കിലും ധൂർത്തിനുമാത്രം ഒരു കുറവുമില്ല.കുറച്ചൊക്കെ ആത്മീയതയും ബോധവും ഉള്ള ഇടവകക്കാർ പെരുന്നാൾദിവസം മറ്റുപള്ളികളിൽപ്പോയി വിശുദ്ധകുർബാനയിൽ പങ്കെടുക്കുന്ന രീതി വന്നുതുടങ്ങി.അതിൽ നിന്നുമനസിലാക്കാം ആത്മീയോൽസവങ്ങളായ തിരുനാളുകൾക്ക്‌ സംഭവിച്ച അപചയം.

* ഭ്രമം പൂണ്ട്‌ ഇങ്ങനെ ഓരോന്ന് ആവശ്യമില്ലാതെ കെട്ടിയുയർത്തുമ്പോഴും അവശ്യം ആവശ്യമായവയെക്കുറിച്ച്‌ ചിന്തിക്കുകപോലുമില്ല. മണിക്കൂറുകൾ നീണ്ട ദേവാലയകർമ്മങ്ങളിൽ പങ്കെടുക്കുവാൻ വരുന്നവർക്ക്‌ ഉപയോഗിക്കുവാൻ വൃത്തിയുള്ള ടോയ്‌ലറ്റ്‌ സൗകര്യങ്ങൾ എത്ര പള്ളികളിലുണ്ട്‌?
കുടിക്കുവാൻ ശുദ്ധജലത്തിനുള്ള സൗകര്യം എത്ര സ്ഥലങ്ങളിലുണ്ട്‌?
ഇതൊക്കെ ഇടവകക്കാർ ശ്രദ്ധയിൽപ്പെടുത്തിയാലും ചെയണമെന്നില്ല.

*ഇതുപോലുള്ള ഒരുപാടുഭ്രമങ്ങളാണു ആത്മീയതയിൽ നിന്നും ജനങ്ങളിൽ നിന്നും ഞാനുൾപ്പെടുന്ന വൈദീകസമൂഹത്തെ അകറ്റി നിർത്തുന്നതെന്ന് എളിമയോടെ ഞാൻ തിരിച്ചറിയുന്നു.
ഇതുപോലുള്ള ഭ്രമങ്ങളാണ്‌ വിശ്വാസികളെ നിരീശ്വരവാദികളോ സഭാവിരോധികളോ ആക്കുന്നത്‌.
ഇതുപോലുള്ളഭ്രമങ്ങളാണ്‌ വൈദീകരുടെമേൽ കൈചൂണ്ടാൻ ജനങ്ങൾക്ക്‌ അവസരം കൊടുത്തത്‌.
ഇതുപോലുള്ള ഭ്രമങ്ങളാണ്‌ ഇടവകകളിലെ സാമ്പത്തീക വ്യവഹാരങ്ങൾ സുതാര്യമല്ലെന്ന് ജനം ചിന്തിക്കുവാൻ കാരണമായത്‌...

ഇതിനൊക്കെ ഒരു നിയന്ത്രണം കേരളത്തിലെ സഭാനേത്രുത്വം ഒന്നടങ്കം എടുത്ത്‌ കർശ്ശനമായി നടപ്പിൽ വരുത്തിയിരുന്നെങ്കിൽഎന്ന് ജനം ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌ സഭാനേത്രുത്വം മാത്രംമനസിലാക്കുന്നില്ല.?
വിശ്വാസികളാണു സഭ. അവർക്കുവേണ്ടിയാണു സഭ സ്ഥാപിതമായത്‌. അതുകൊണ്ട്‌ ജനത്തിനു ആവശ്യമില്ലാത്തതെല്ലാം കെട്ടിയുയർത്തുന്നതല്ല അവർക്ക്‌ ആവശ്യമുള്ളവ മുൻഗണനാക്രമത്തിൽ ചെയ്തുകൊടുക്കുവാൻ കഴിയുന്ന രീതിയിൽ ശുശ്രൂഷാ സംവിധാനങ്ങൾ മാറ്റിയെഴുതപ്പെടണം..
ഇന്നത്തെ രീതിയിൽ കൂടുതൽ മുന്നോട്ടുപോകാനാകില്ല.
( കുറിച്ചതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾമാത്രം)
( കാരക്കാടൻ)

Latest Videos
Follow Us:
Download App:
  • android
  • ios