രണ്ട് വർഷത്തെ താഴ്ന്ന നിരക്ക്; ആർബിഐയുടെ വരുതിയിൽ മൊത്തവില പണപ്പെരുപ്പം
2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 മാസങ്ങളിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം10 ശതമാനത്തിന് മുകളിലായിരുന്നു. വിലക്കയറ്റം ജനുവരിയിൽ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക്
ദില്ലി: ഇന്ത്യയുടെ വാർഷിക മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിൽ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 4.73 ശതമാനമാണ് രാജ്യത്തെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാന കാരണം ഇന്ധനം, വൈദ്യുതി എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ്.
2022 ഡിസംബറിൽ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.95 ശതമാനവും നവംബറിൽ 6.12 ശതമാനവുമായിരുന്നു. അതേസമയം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 2022 ഡിസംബറിലെ 1.25 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 2.38 ശതമാനമായി ഉയർന്നു.
2023 ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാന കാരണം മിനറൽ ഓയിൽ, കെമിക്കൽസ്, കെമിക്കൽ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, തുണിത്തരങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയുടെ വിലയിലെ കുറവാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ധന വിലക്കയറ്റം കഴിഞ്ഞ വർഷം ഡിസംബറിലെ 18.09 ശതമാനത്തിൽ നിന്ന് 15.15 ശതമാനമായി കുറഞ്ഞു.
2023 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പണപ്പെരുപ്പം 6.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് അടുത്തിടെ ധനനയ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഇത് 5.3 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം കുറയുമെങ്കിലും അത് 4 ശതമാനത്തിന് മുകളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണപ്പെരുപ്പം 4 ശതമാനത്തിൽ നിലനിർത്താൻ ആർബിഐ ശ്രമം തുടരുകയാണ്.