സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി; അവസരം ഇതുവരെ മാത്രം
ഇനിയും ആധാർ പുതുക്കാത്തവർക്ക് സന്തോഷ വാർത്ത. സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയ പരിധി കേന്ദ്രം നീട്ടി
ദില്ലി: രാജ്യത്ത് ഒരു പൗരന്റെ അടിസ്ഥാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യമായുണ്ട്. പത്ത് വർഷമായി ആധാർ എടുത്തിട്ടെങ്കിൽ അത് പുതുക്കാനുള്ള സമയമാണ് ഇത്. മാർച്ച് 15 നാണ് പത്ത് വര്ഷം പൂർത്തിയാക്കിയ എല്ലാ ആധാർ കാർഡുകളും നിരബന്ധമായി പുതുക്കണമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ജൂൺ 14 വരെ ഇത് സൗജന്യമായി നൽകുമെന്ന് പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയ പരിധി അവസാനിച്ചത്. എന്നാൽ ഇനിയും ആധാർ പുതുക്കാത്തവർക്ക് സന്തോഷ വാർത്തയുണ്ട്. സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയ പരിധി കേന്ദ്രം ഇപ്പോൾ സെപ്റ്റംബർ 14 വരെ നീട്ടിയിരിക്കുകയാണ്.
ഒരു വ്യക്തിയുടെ പേര്, വിലാസം, ആധാറിന്റെ മറ്റ് വിശദാംശങ്ങൾ എന്നിവ സമയപരിധിക്ക് മുമ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. ആധാർ ഇഷ്യൂ ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിങ്ങളുടെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം നീട്ടി നൽകിയിരിക്കുകയാണ്.
ഐഡന്റിറ്റി പ്രൂഫ് ആയി ഉപയോഗിക്കുന്നതിനാൽതന്നെ നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് യുഐഡിഎഐ പറഞ്ഞു. സാധാരണയായി, നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ചിലവാകും, എന്നാൽ സെപ്റ്റംബർ 14-ന് മുമ്പ് ഇത് ഔദ്യോഗിക പോർട്ടൽ വഴി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ സർക്കാർ നൽകിയ മറ്റേതെങ്കിലും രേഖ എന്നിവ പോലുള്ള നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ പ്രസക്തമായ ഏതെങ്കിലും രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം:
- യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
- 'എന്റെ ആധാർ' മെനുവിലേക്ക് പോകുക.
- 'നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
- 'അപ്‌ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് തുടരുക’ എന്നത് തിരഞ്ഞെടുക്കുക
- ആധാർ കാർഡ് നമ്പർ നൽകുക
- ക്യാപ്‌ച വെരിഫിക്കേഷൻ നടത്തുക
- 'ഒട്ടിപി നൽകുക
- 'ഡെമോഗ്രാഫിക്‌സ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനിലേക്ക് പോകുക
- അപ്‌ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
- പുതിയ വിശദാംശങ്ങൾ നൽകുക
- ആവശ്യമുള്ള ഡോക്യൂമെന്റസ് സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക
- നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
- ഓടിപി ഉപയോഗിച്ച് സാധൂകരിക്കുക