അങ്കെ പാക്കലാം, ലക്ഷ്യം അതുക്കുംമേലെ! നിക്ഷേപ കുതിപ്പിന് പിന്നാലെ എംകെ സ്റ്റാലിൻ വിദേശത്തേക്ക് പറക്കുന്നു

അമേരിക്ക, സ്പെയിൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി വ്യക്തമാക്കി

TN CM MK Stalin announced foreign trip after TN GIM 2024 success asd

ചെന്നൈ: തമിഴ് നാട് സർക്കാർ രണ്ട് ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപ സംഗമം വമ്പൻ വിജയത്തിലായതിന് പിന്നാലെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിദേശ സന്ദർശനം പ്രഖ്യാപിച്ചു. ആഗോള നിക്ഷേപ സംഗമത്തിൽ തമിഴ് നാട്ടിൽ വൻ നിക്ഷേപത്തിന് ധാരണപത്രം ഒപ്പിട്ട വമ്പൻ കമ്പനികളുമായി തുടർ ചർച്ചകൾ നടത്തുന്നതിനടക്കമാണ് സ്റ്റാലിൻ വിദേശയാത്ര നടത്തുന്നത്. ഏറ്റവും പ്രധാനമായും 3 രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. അമേരിക്ക, സ്പെയിൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തുമോയെന്ന കാര്യത്തിൽ തീരുമാനം വൈകാതെയുണ്ടാകും. ഈ മാസം 28 നാണ് സ്റ്റാലിന്‍റെ വിദേശ സന്ദർശനം ആരംഭിക്കുക. അന്നേദിവസം സ്പെയ്നിലാകും സ്റ്റാലിൻ എത്തുക.

സ്റ്റാലിൻ ഡാ, 2 ദിവസത്തിൽ തമിഴ്നാട്ടിൽ അത്ഭുതം! ഒഴുകിയെത്തിയത് 7 ലക്ഷം കോടിയോളം നിക്ഷേപം, 27 ലക്ഷം തൊഴിലവസരം

അതേസമയം ആഗോളതലത്തിലെയും രാജ്യത്തെയും വൻകിട കമ്പനികൾ അമ്പരപ്പിക്കുന്ന നിക്ഷേപമാണ് രണ്ട് ദിവസങ്ങളിലായി നടന്ന തമിഴ് നാട് സർക്കാരിന്‍റെ ആഗോള നിക്ഷേപ സംഗമത്തിൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ആഗോള നിക്ഷേപ സംഗമം വമ്പൻ വിജയമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെ രംഗത്തെത്തിയിരുന്നു. ഏകദേശം ഏഴ് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം ഉറപ്പായെന്നാണ് സംഗമത്തിനൊടുവിൽ സംസാരിച്ച സ്റ്റാലിൻ വിവരിച്ചത്. കൃത്യമായി പറഞ്ഞാൽ 6,64,180 കോടിയുടെ ധാരണാപത്രം വിവിധ കമ്പനികളുമായി ഒപ്പിട്ടെന്നാണ് തമിഴ് നാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ലക്ഷ്യമിട്ടത് 5 ലക്ഷം കോടിയായിരുന്നെന്നും 6,64,180 കോടിയുടെ ധാരണാപത്രം ഒപ്പിടാനായതിൽ അതിയായ സന്തോഷമുണ്ടെന്നും എം കെ സ്റ്റാലിൻ വിവരിച്ചു. 27 ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 14.5 ലക്ഷം പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും തമിഴ് നാടിന് വലിയ മാറ്റമാകും ആഗോള നിക്ഷേപ സംഗമം പ്രദാനം ചെയ്യുകയെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

അറുപതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച മുകേഷ് അംബാനിയാണ് ആദ്യ ദിനത്തിലെ താരമായതെങ്കിൽ 42768 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച അദാനി ഗ്രൂപ്പായിരുന്നു അവസാന ദിനം കയ്യടി നേടിയത്. അദാനി ഗ്രീൻ എനർജി 24,500 കോടിയും അംബുജ സിമന്‍റ്സ് 3,500 കോടിയും അദാനി കോണക്സ് 13,200 കോടിയും അദാനി ടോട്ടൽ ഗ്യാസ് ആൻഡ് സി എൻ ജി 1568 കോടിയും തമിഴ്നാട്ടിൽ നിക്ഷേപിക്കുമെന്നാണ് ഉറപ്പായത്. ചെന്നൈയിൽ നടക്കുന്ന ആഗോള നിക്ഷേപസംഗമത്തിൽ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios