തായ്‌ലൻഡ് വിളിക്കുന്നു, 'വിസ വേണ്ട ഇന്ത്യക്കാരേ...'; സഞ്ചാരികള്‍ക്ക് ഇത് സുവർണാവസരം
തായ്‌ലൻഡ് ടൂറിസം വകുപ്പിന്‍റെ പ്രഖ്യാപനം അനുസരിച്ച് 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ രാജ്യത്ത് തങ്ങാം.
വിനോദസഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡ് സന്ദര്‍ശിക്കാനിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നവംബര്‍ പത്ത് മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് തായ്‌ലൻഡ് സന്ദര്‍ശിക്കാം. 2024 മേയ് വരെയാണ് ഈ ആനുകൂല്യം. രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 8000 രൂപയാണ് തായ്‌ലൻഡ് സന്ദര്‍ശക വിസയ്ക്ക് ഈടാക്കുന്നത്. തായ്‌ലൻഡ് ടൂറിസം വകുപ്പിന്‍റെ പ്രഖ്യാപനം അനുസരിച്ച് 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ രാജ്യത്ത് തങ്ങാം.
ALSO READ: മുകേഷ് അംബാനി 'എന്നാ സുമ്മാവാ'; ഡിജിറ്റല്‍ ബാങ്കിംഗ് യുദ്ധത്തിനൊരുങ്ങി ജിയോ
കഴിഞ്ഞ മാസം ആദ്യം ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും തായ്‌ലൻഡ് വിസ ഒഴിവാക്കിയിരുന്നു.റഷ്യയില്‍ നിന്നുള്ളവര്‍ക്കും വിസ ഇളവുണ്ട്. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ തായ്‌ലൻഡ് ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നത് ഇന്ത്യാക്കാരാണ്. ഈ വര്‍ഷം ഇതുവരെ 12 ലക്ഷം ഇന്ത്യാക്കാരാണ് തായ്‌ലൻഡ് കാണാനെത്തിയത്. വിനോദ സഞ്ചാരം പ്രധാന വരുമാന മാര്‍ഗമായ രാജ്യം കോവിഡ് കാരണം കടുത്ത പ്രതിസന്ധിയിലായിരുന്നു. അതില്‍ നിന്ന് മാറി പഴയ പ്രതാപത്തിലേക്ക് രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. ഈ വര്‍ഷം 28 ദശലക്ഷം വിനോദ സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ALSO READ: ഇത് ഇന്ത്യക്കാർക്കുള്ള മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; തിരികൊളുത്തുക വമ്പൻ മാറ്റത്തിന്
കോവിഡിന് ശേഷം ചില നിയന്ത്രണങ്ങളോടെ രാജ്യം കഞ്ചാവ് വിൽപന നിയമവിധേയമാക്കിയിരുന്നു. ഇതോടെ, ഫുക്കറ്റ്, കോ സാമുയി തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ നൂറുകണക്കിന് കഞ്ചാവ് കഫേകളാണ് ഉയർന്നുവന്നത്.
കഴിഞ്ഞ വർഷത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി ശ്രീലങ്ക ഇന്ത്യക്കാർക്കുള്ള വിസ ഫീസ് ഒഴിവാക്കിയിരുന്നു. ശ്രീലങ്കയിലേക്കുള്ള മൊത്തം വിനോദസഞ്ചാരികളുടെ 20% ഇന്ത്യക്കാരാണ്. ചൈന, റഷ്യ, തായ്‌ലൻഡ്, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള സൗജന്യ വിസയ്ക്കും രാജ്യം അംഗീകാരം നൽകിയിരുന്നു.
തായ്‌ലൻഡും ശ്രീലങ്കയും ഇന്ത്യക്കാർക്കുള്ള വിസ ഫീസ് റദ്ദാക്കിയപ്പോൾ, മധ്യ അമേരിക്കൻ രാഷ്ട്രമായ എൽ സാൽവഡോർ, യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള യാത്രക്കാരിൽ നിന്ന് 1,000 ഡോളർ ഫീസ് ഈടാക്കുന്നുണ്ട്. ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള നിരവധി കുടിയേറ്റക്കാർ എൽ സാൽവഡോർ വഴി യുഎസിലെത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം