ഇലോൺ മസ്‌കിനെ കുടുക്കിയ പലഹാരം; ബേക്കറിയിലെ കുടിശ്ശിക തീർത്ത് ടെസ്‌ല
വാലൻ്റൈൻസ് ദിനത്തിൽ അവസാന നിമിഷം 2,000 പൈകൾക്കായി ടെസ്‌ല ഓർഡർ നൽകിയതോടെയാണ് തർക്കം ഉടലെടുത്തത്. പിന്നീട് ടെസ്‌ല ഓർഡർ ഇരട്ടിയാക്കി.
കാലിഫോർണിയ: കാലിഫോർണിയയിലെ സാൻ ജോസിൽ സ്ഥിതി ചെയ്യുന്ന ഗിവിംഗ് പൈസ് എന്ന ബേക്കറിക്ക് നൽകാനുള്ള കുടിശ്ശിക തീർത്ത് ടെസ്‌ല. സംഭവം എന്താണെന്നല്ലേ.. ഗിവിംഗ് പൈസ് ബേക്കറിയിൽ 4,000 മിനി പൈകൾക്കുള്ള ഓർഡർ ടെസ്‌ല നൽകിയിരുന്നു. എന്നാൽ ഈ ഓർഡർ ഡെലിവറി ചെയ്യുന്നതിന് തൊട്ടുമുൻപ് ടെസ്‌ല ഓർഡർ ക്യാൻസൽ ചെയ്തു. ഇതോടെ ആഫ്രിക്കൻ-അമേരിക്കൻ ഉടമസ്ഥതയിലുള്ള ഗിവിംഗ് പൈസ് ബേക്കറി സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് റിപ്പോർട്ട്.
തുടർന്ന് ഇത് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി ഗിവിംഗ് പൈസിൻ്റെ ഉടമ വോഹാംഗി റസെതരിനേര ടെസ്‌ലയ്ക്കെതിരെ രംഗത്തെത്തി. വാലൻ്റൈൻസ് ദിനത്തിൽ അവസാന നിമിഷം 2,000 പൈകൾക്കായി ടെസ്‌ല ഓർഡർ നൽകിയതോടെയാണ് തർക്കം ഉടലെടുത്തത്. പിന്നീട് ടെസ്‌ല ഓർഡർ ഇരട്ടിയാക്കി. കുടിശ്ശിക അടയ്ക്കാതെ ഓർഡർ റദ്ദാക്കി. ടെസ്‌ലയുടെ പെട്ടെന്നുള്ള ഓർഡർ നിറവേറ്റുന്നതിനായി ബേക്കറി മറ്റ് ഓർഡറുകൾ ഉപേക്ഷിച്ചു. വലിയ ഓർഡർ ആയതിനാൽ ജീവനക്കാരെ കൂട്ടി. ടെസ്‌ലയുടെ ഓർഡറിന് മുൻഗണന നൽകിയെന്ന് രസെതരിനേര വിശദീകരിച്ചു.
അവസാനം ടെസ്‌ലയുടെ സിഇഒ ഇലോൺ മസ്‌ക് ഇടപെടുകയും കുടിശ്ശികയുള്ള 2,000 ഡോളർ ബില്ല് ടെസ്‌ല നൽകി. ടെസ്‌ല ഓർഡർ ക്യാൻസൽ ചെയ്‌തെന്ന വാര്ത്ത വ്യാപകമായ ശ്രദ്ധ നേടിയിരുന്നു. അതോടെ പ്രാദേശികവും അന്തർദേശീയവുമായ കമ്മ്യൂണിറ്റികളിൽ നിന്നുള്ള ഉപഭോക്താക്കളുടെ കുത്തൊഴുക്ക് ബേക്കറിയിലേക്കുണ്ടായി. ഗിവിംഗ് പൈസിന് പിന്തുണച്ച് നിരവധി പേരെത്തി.