ടാറ്റയുടെ ചിപ്പുകൾ ഉടനെത്തും; അനുമതി വൈകില്ലെന്ന് കേന്ദ്രം
25,000 കോടി രൂപയുടെ സെമി കണ്ടക്ടർ പാക്കേജിംഗ് പ്ലാൻറിന് ഉടൻ തന്നെ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചേക്കും. രാജ്യത്ത് ഒരു ചിപ്പ് പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യത്തെ ആഭ്യന്തര സംരംഭമായി ഇത് മാറും.
ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അസമിൽ ആരംഭിക്കാനിരിക്കുന്ന 25,000 കോടി രൂപയുടെ സെമി കണ്ടക്ടർ പാക്കേജിംഗ് പ്ലാൻറിന് ഉടൻ തന്നെ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചേക്കും. രാജ്യത്ത് ഒരു ചിപ്പ് പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യത്തെ ആഭ്യന്തര സംരംഭമായി ഇത് മാറും. സംരംഭത്തിന് അംഗീകാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും അതിന് ശേഷം അന്തിമ അനുമതിക്കായി ക്യാബിനറ്റിന് അയക്കുമെന്നും ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ടാറ്റ ഇലക്‌ട്രോണിക്‌സിന്റെ കീഴിലുള്ള ഗ്രൂപ്പ് ഡിസംബറിൽ ആണ് അസമിൽ ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് സൗകര്യം സ്ഥാപിക്കാൻ അപേക്ഷ സമർപ്പിച്ചത്. നിരവധി അർദ്ധചാലക അസംബ്ലി, പാക്കേജിംഗ് പ്രോജക്ടുകൾ പാർലമെന്റ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
സെമി കണ്ടക്ടർ നിർമാണവും പാക്കേജിംഗ് യൂണിറ്റുകളും രാജ്യത്തേക്ക് വരുന്നത് ആകർഷിക്കുന്നതിനുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ ഭാഗമായി സർക്കാർ 76,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഗുജറാത്തിലെ സാനന്ദിൽ യൂണിറ്റ് സ്ഥാപിക്കുന്ന യുഎസ് ആസ്ഥാനമായ മൈക്രോൺ ടെക്‌നോളജിയാണ് പദ്ധതിക്ക് കീഴിലുള്ള ആദ്യ നിക്ഷേപം നടത്തിയത്. പ്ലാൻറിന് 2.75 ബില്യൺ ഡോളറാണ് നിക്ഷേപിക്കുക. അതിൽ 800 മില്യൺ ഡോളർ മൈക്രോൺ നിക്ഷേപിക്കും. . യൂണിറ്റിൽ നിന്നുള്ള ആദ്യത്തെ പാക്കേജുചെയ്ത ചിപ്പ് 2024 ഡിസംബറോടെ പ്രതീക്ഷിക്കുന്നു. ടാറ്റ ഗ്രൂപ്പിനും സബ്‌സിഡികൾക്കും അർഹതയുണ്ടാകും . അർദ്ധചാലക ഇൻസെൻന്റീവുകൾക്കായി, 2025 സാമ്പത്തിക വർഷത്തിൽ സർക്കാർ 6,900 കോടി രൂപ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 2024 ലെ കണക്കാക്കിയ 1,500 കോടി രൂപയേക്കാൾ അഞ്ചിരട്ടി കൂടുതലാണ്.
എന്തുകൊണ്ട് ചിപ്പുകൾ
അർദ്ധചാലക ചിപ്പ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഹൃദയമായി കണക്കാക്കപ്പെടുന്നു. സ്‌മാർട്ട്‌ഫോണുകൾ മുതൽ കാറുകൾ, ഡാറ്റാ സെന്ററുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, ജീവൻ രക്ഷാ ഫാർമസ്യൂട്ടിക്കൽ ഉപകരണങ്ങൾ, അഗ്രി ടെക്, എടിഎമ്മുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഇതാണ് രാജ്യത്ത് ചിപ്പ് നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കാരണം.