മസാലയിൽ മായം വേണ്ട, നടപടികളുമായി സ്‌പൈസസ് ബോർഡ്

എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ സംസ്‌കരണ പ്ലാന്റുകളിൽ സ്‌പൈസസ് ബോർഡ് പരിശോധന. ഉൽപ്പന്നങ്ങളുടെ സംഭരണം, സംഭരണം, പാക്കേജിംഗ് തുടങ്ങിയ ഘട്ടങ്ങളിൽ ജാഗ്രത പാലിക്കാൻ കമ്പനികൾക്ക് സ്‌പൈസസ് ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്

Spices Board of India Inspects MDH and Everest Plants After Ethylene Oxide Concerns

ചില ഉൽപ്പന്നങ്ങളിൽ കീടനാശിനി അംശം കണ്ടെത്തിയതിനെത്തുടർന്ന് എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ സംസ്‌കരണ പ്ലാന്റുകളിൽ സ്‌പൈസസ് ബോർഡ് പരിശോധന നടത്തി. ഇവിടെ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. എംഡിഎച്ചിന്റെ 18 സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാം മാനദണ്ഡപ്രകാരമാണെന്ന് കണ്ടെത്തി. അതേ സമയം എവറസ്റ്റിൽ നിന്നുള്ള 12 സാമ്പിളുകളിൽ ചിലത്  മാനദണ്ഡം പാലിക്കാത്തതായി കണ്ടെത്തിയിട്ടുണ്ട് . ഉൽപ്പന്നങ്ങളുടെ സംഭരണം, സംഭരണം, പാക്കേജിംഗ് തുടങ്ങിയ ഘട്ടങ്ങളിൽ ജാഗ്രത പാലിക്കാൻ കമ്പനികൾക്ക് സ്‌പൈസസ് ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം, സ്‌പൈസസ് ആൻഡ് ഫുഡ്‌സ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ 130-ലധികം കയറ്റുമതിക്കാരെയും അസോസിയേഷനുകളെയും ഉൾപ്പെടുത്തി സ്‌പൈസസ് ബോർഡ്  യോഗം നടത്തി. എല്ലാ കയറ്റുമതിക്കാർക്കും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും ബോർഡ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളിലെ മായം തടയുന്നത് ലക്ഷ്യമിട്ടാണ് സ്‌പൈസസ് ബോർഡ് നടപടി .

അതിനിടെ ഹോങ്കോങ്ങും സിംഗപ്പൂരും ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന വാർത്ത കേന്ദ്ര  സർക്കാർ തള്ളി. എംഡിഎച്ച്, എവറസ്റ്റ് എന്നിവയിൽ നിന്നുള്ള പ്രത്യേക ബാച്ചുകളാണ് ഇരു രാജ്യങ്ങളും നിരോധിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.  ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ നാല് സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ സിംഗപ്പൂരും, ഹോങ്കോംഗും നിരോധിച്ചിരുന്നു. എഥിലീൻ ഓക്സൈഡ് എന്ന രാസവസ്തുവിന്റെ  സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സുഗന്ധവ്യഞ്ജനങ്ങൾക്കും അധിക നിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയതായി യുകെ  ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയും വ്യക്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios